ന്യൂ ഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ബിജെപിയുടെ തീവ്രനൈരാശ്യം കാണുമ്പോള്‍ തന്നെ കാര്യങ്ങള്‍ അവരുടെ കൈവിട്ട് പോയെന്ന് മനസ്സിലാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “കോവിഡ് അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് മോദി 6 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. പിന്നാലെ നിര്‍മല സീതാരാമന്‍ ബീഹാറിലേക്ക് സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്യുന്നു,” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ബീഹാറില്‍ തേജസ്വി യാദവിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിയെ അലട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “തേജസ്വി തീര്‍ക്കുന്ന ജനക്കൂട്ടം ബിജെപിയെ വളരെയധികം അലട്ടുന്നുണ്ടെന്ന് വ്യക്തം. ഈ നിരാശ കാണുമ്പോള്‍ അവര്‍ക്ക് കളി നഷ്ടപ്പെട്ടെന്ന് മനസ്സിലാകും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്യങ്ങള്‍ ബിജെപിയുടെ കൈവിട്ട് പോകുന്നതിന്റെ നിരാശയിലാണ് ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പട്‌നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായനികുതി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
കോവിഡ് വാക്‌സിനെ രാഷ്ട്രീയായുധമാക്കിക്കൊണ്ടായിരുന്നു ബീഹാറില്‍ ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ബിജെപിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.