മസ്‌കറ്റ്: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട. കടല്‍ മാര്‍ഗം മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച ഏഷ്യന്‍ വംശജനെ പൊലീസ് അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പൊലീസിന്റെ ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മയക്കുമരുന്ന് പ്രതിരോധസേനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ഇയാളുടെ പക്കല്‍ നിന്നും 15 കിലോഗ്രാം ക്രിസ്റ്റല്‍ മരുന്നും 5,800 കിലോഗ്രാം ഹെറോയിനും കണ്ടെടുത്തു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി സഹകരിച്ചാണ് ഇയാള്‍ ഒമാനിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. പ്രതിക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.
രാജ്യത്ത് മയക്കുമരുന്നിന്റെയും കള്ളക്കടത്തിന്റെയും ഇടപാടുകള്‍ പ്രതിരോധിക്കുന്നതിന് പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും സഹകരണത്തിന് റോയല്‍ ഒമാന്‍ പോലീസ് നന്ദി പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരെയും കള്ളക്കടത്തുകാരെയും പിടികൂടാന്‍ സഹായിക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ ഹോട്ട്ലൈനിലോ (1444) ബന്ധപ്പെടണമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.