ന്യൂയോര്‍ക്ക്: സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ. എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാന്‍ നിലപാട് ഉപകരിക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
‘വിവേചനത്തിനെതിരായ മൗലിക അവകാശങ്ങളുടെ വ്യക്തമായ മാതൃകയാണിത്. എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ പോപിന്റെ പ്രഖ്യാപനം വളരെയധികം സഹായിക്കും. സ്വാഗതാര്‍ഹമായ നിലപാടാണിത്,’ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള എല്‍ജിബിടി കൂട്ടായ്മകളും പൗരാവകാശ സംഘടനകളും മാര്‍പാപ്പയുടെ നിലപാടിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയത്. ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ വിഷയത്തില്‍ ആദ്യമായാണ് മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ദൈവത്തിന്റെ പുത്രന്മാരാണെന്നും അവര്‍ക്കനുകൂലമായ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.
കാത്തോലിക്ക സഭ സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് പരമ്പരാഗതമായി സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിച്ചത് വിപ്ലവകരമായ മാറ്റമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.