ഭോപ്പാല്‍: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമൽനാഥ് ബിജെപിയുടെ വനിത സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ ‘ഐറ്റം’ പരാമര്‍ശത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണാവശ്യം.
”ഐറ്റം പരാമര്‍ശത്തില്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ താങ്കള്‍ക്ക് അവസരം നല്‍കുകയാണ്. ഇതില്‍ വീഴ്ചവരുത്തുന്നതനുസരിച്ച് മറ്റ് മുന്നറിയിപ്പുകളില്ലാതെ നടപടി സ്വീകരിക്കും” നോട്ടീസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ദാബ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിക്കെതിരെ കമല്‍നാഥ് മോശം പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബിജെപി പ്രത്യക്ഷ സമരവുമായി രംഗത്ത് ഇറങ്ങിയിരുന്നു.
‘ഞങ്ങളുടെ സ്ഥാനാര്‍ഥി എളിയവരില്‍ എളിയവനാണ്. ബിജെപി സ്ഥാനാര്‍ഥിയെ പോലെയല്ല, ഞാനെന്തിനാണ് അവരുടെ പേര് പറയാന്‍ മടിക്കുന്നത്. എന്നെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണിവര്‍’ ഇതായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം.
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ ദാബ്ര മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിക്കെതിരായിരുന്നു പരാമർശം.