പേപ്പർ ഉപയോഗിച്ച് കൊവിഡ് 19 രോഗനിർണ്ണയം നടത്താൻ കഴിയുന്ന സാങ്കേതിക വിദ്യ ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്നു. ലോകമെമ്പാടും ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും വേഗമേറിയതും എന്നാൽ വില കുറഞ്ഞതുമായ ടെസ്റ്റിംഗ് കിറ്റാണ് ‘ഫെലൂദ’. ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയാണ് (ഐജിഐബി) ‘ഫെലൂദ’ വികസിപ്പിച്ചെടുത്തിരിക്കുന്നത്. വീട്ടിൽ വെച്ച് തന്നെ ചെയ്യുന്ന ഗർഭനിർണ്ണയ രീതി പോലെ ലളിതവും സുതാര്യവും വിശ്വനീയവുമാണ് ഈ കൊവിഡ് ടെസ്റ്റിംഗ് രീതിയെന്നാണ് സയന്റിസ്റ്റുമാർ അവകാശപ്പെടുന്നത്.
അതേസമയം, ഇപ്പോൾ വികസിപ്പിച്ചിരിക്കുന്ന ‘ഫെലൂദ’യ്ക്ക് പ്രവർത്തിക്കണമെങ്കിൽ ഒരു പിസിആർ മെഷീനിന്റെ സഹായം വേണം. എന്നാൽ, ഉമിനീർ ഉപയോഗിച്ച് വീട്ടിൽ വെച്ച് തന്നെ ടെസ്റ്റ് ചെയ്യാൻ കഴിയുന്ന രീതിയിലേക്ക് ഇത് മാറ്റുമെന്ന് ഐജിഐബിയിലെ ശാസ്ത്രജ്ഞൻ ദെബോജ്യോതി ചക്രബർത്തി പറഞ്ഞു.
‘ഫെലൂദ’യ്ക്ക് ഇന്ത്യൻ റെഗുലേറ്ററിയുടെ അംഗീകാരം ലഭിച്ചതെന്നും അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ടാറ്റ ഗ്രൂപ്പാണ് ഫെലൂദ വിപണിയിലെത്തിക്കുന്നത്. വിലവിവരം സംബന്ധിച്ച ഓദ്യോഗിക റിപ്പോർട്ടുകൾ ഒന്നും പുറത്തുവന്നിട്ടില്ലെങ്കിലും, ഒരു കിറ്റിന് 500 രൂപയായിരിക്കുമെന്ന സൂചനയുണ്ട്. ‘ഫെലൂദ’ പുറത്തിറങ്ങുന്നതോടെ ഇത്തരത്തിലൊരു കൊവിഡ് നിർണ്ണയ കിറ്റ് പുറത്തിറക്കുന്ന ആദ്യ രാജ്യമായി മാറും ഇന്ത്യ.