ദുബായ്: ഇന്ന് ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം. ഇരുവരും ഈ സീസണില്‍ രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. ആദ്യത്തെ ഏറ്റുമുട്ടലില്‍ സൂപ്പര്‍ ഓവറിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സാണ് വിജയം കൈവരിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ ഇരട്ട സൂപ്പര്‍ ഓവറിലൂടെ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കിയ ആവേശത്തില്‍ പഞ്ചാബ് ഇറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് കളിക്കാനിറങ്ങുന്നത്. ഡല്‍ഹി ഏകദേശം പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. അതേസമയം, പഞ്ചാബിന് ഇനിയുള്ള കളികളെല്ലാം നിര്‍ണായകമാണ്.
നിലവില്‍ ഒമ്പത് കളികളിലായി ഏഴ് വിജയങ്ങളാണ് ഡല്‍ഹിക്കുള്ളത്. മൂന്ന് വിജയങ്ങളുള്ള പഞ്ചാബ് പട്ടികയില്‍ ഏഴാമതാണ്. ഇരു ടീമുകളും 25 തവണ ഏറ്റുമുട്ടിയപ്പോള്‍ 14 തവണ പഞ്ചാബ് വിജയിച്ചു. 11 തവണ വിജയം ഡെല്‍ഹിക്കൊപ്പം നിന്നു.