ലഖ്നൗ: ഹാത്രാസ് പീഡനക്കേസിലെ നാലു പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ. സ്‌കൂള്‍ റെക്കോഡുകള്‍ പ്രകാരം ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ കണ്ടെത്തി- ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്.
അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പ്രതിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പ്രതിയുടെ സ്‌കൂള്‍ റെക്കോഡുകള്‍ ചോദിച്ചു വാങ്ങിയിരുന്നു. ഉത്തര്‍പ്രദേശിലെ ബോര്‍ഡ് ഓഫ് ഹൈസ്‌കൂള്‍ ആന്‍ഡ് ഇന്റര്‍മീഡിയറ്റ് എജുക്കേഷന്‍ നടത്തിയ 2018-ലെ ഹൈസ്‌കൂള്‍ പരീക്ഷയുടെ മാര്‍ക്ക്ലിസ്റ്റാണ് സിബിഐയുടെ കൈവശമുളളത്. ഇതില്‍ പ്രതിയുടെ ജനനതീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2/ 12/ 2002 എന്നാണ്. നിലവില്‍ ഹാത്രാസ് കേസിലെ നാലുപ്രതികളും അലിഗഡ് ജയിലിലാണ്. തിങ്കളാഴ്ച എട്ടു മണിക്കൂറോളം സിബിഐ ഇവരെ ചോദ്യം ചെയ്തിരുന്നു.
സെപ്റ്റംബര്‍ 14-നാണ് പത്തൊമ്പതുകാരിയായ പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് പുലര്‍ച്ചെ മൃതദേഹം സംസ്‌കരിച്ചത് രാജവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിയിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നസാഹചര്യത്തില്‍ ഒക്ടോബര്‍ പതിനൊന്നിനാണ് കേസന്വേഷണം സി.ബി.ഐക്ക് വിട്ടത്.