ലണ്ടന്: സമ്പത്ത് കുമിഞ്ഞുകൂടുന്നത് നന്നേ ചെറിയ ശതമാനത്തിൻ്റെ കൈകളിൽ. ഇതിൽ യുവതലമുറ അസംതൃപ്തരാണെന്ന് സർവ്വെ റിപ്പോർട്ട്- ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
മറ്റേതൊരു കാലഘട്ടത്തിൽ ജനിച്ചവരെ അപേക്ഷിച്ച് മില്യനിയലുകൾ- യുവജനങ്ങൾ- നിലവിലെ ജനാധിപത്യ വ്യവസ്ഥയിൽ അസംതൃപ്തയിലും മോഹനിരാസത്തിലുമാണ്. പ്രത്യേകിച്ചും യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ യുവത – ഇത് കേംബ്രിഡ്ജ് സർവകലാശാലയുടെ പഠന റിപ്പോർട്ട്.
തലമുറ എക്സ് 1965 നും 1981 നു മിടയിൽ ജനിച്ചവർ. 1944 നും 1964 നുമിടയിൽ ഉയർന്ന ജനന നിരക്ക് വേളയിൽ ജനിച്ചവർ. 1918-1943 ലെ യുദ്ധവേള തലമുറ. ഇവരെയെല്ലാം അപേക്ഷിച്ച് മില്യനിയലുകൾ അല്ലെങ്കിൽ 1981 നും 1996 നുമിടയിൽ ജനിച്ചവർ ജനാധിപത്യ വ്യവസ്ഥയിൽ അസംതൃപ്തരാണ്.
ലോകമെമ്പാടും യുവതലമുറ പഴയതിനേക്കാൾ ജനാധിപത്യ വ്യവസ്ഥയുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തരാണ്. സമാന ജീവിത ഘട്ടങ്ങളിൽ ജീവിച്ച മുൻ തലമുറകളെ അപേക്ഷിച്ചും യുവതലമുറ തൃപ്തതരല്ല- കേംബ്രിഡ്ജ് പഠനം കണ്ടെത്തി. യുഎസ്, ബ്രസീൽ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, ഓസ്ട്രേലിയ, ബ്രിട്ടൻ എന്നിവിടങ്ങളിലെ യുവതലമുറയാണത്രെ ഏറ്റവും അസംതൃപ്തർ.
ജർമ്മനി, ദക്ഷിണ കൊറിയ, കിഴക്കൻ- സെന്ട്രൽ യൂറോപ്പിലെ മുൻ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ യുവതലമുറയുടെ സംതൃപ്തി കൂടിയിട്ടുണ്ടെന്നാണ് സർവ്വെ കണ്ടെത്തൽ. ജനാധിപത്യ വ്യവസ്ഥയിൽ സമ്പത്ത്- വരുമാന വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് യുവതലമുറയുടെ അസംതൃപ്തിക്ക് ഹേതുവെന്ന് പഠനം പറയുന്നു. യുഎസ് ജനസംഖ്യയിൽ 25 ശതമാനം യുവതലമുറയാണ്. ഇവരിൽ കേവലം മൂന്ന് ശതമാനം മാത്രമാണ് സമ്പത്തുള്ളവർ ! 1944 നും 1964 നുമിടയിൽ ജനിച്ചവർക്കിടയിലിത് 21 ശതമാനമാണ്.
മിതവാദ കക്ഷികളെയും നേതാക്കളെയും മറികടന്നുള്ള ജനാധിപത്യപരമായ ഇടപെടൽ യുവതലമുറയുടെ അസംതൃപ്തിക്ക് പരിഹാരമാകാൻ സഹായിച്ചേക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. 1973 നും 2020 നുമിടയിൽ 160 രാജ്യങ്ങളിലെ 4.8 ദശലക്ഷത്തിലധികം ജനങ്ങളിൽ നിന്നു ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കേംബ്രിഡ്ജ് സെന്റർ ഫോർ ദി ഫ്യൂച്ചർ ഓഫ് ഡെമോക്രസിയുടെ പഠന റിപ്പോർട്ട്.