തൊണ്ടയുടെ പിന്‍ഭാഗമായ ഫാരിങ്‌സിന് ഉണ്ടാകുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് ഫാരിന്‍ ജൈറ്റിസ് രോഗം. രോഗത്തെ തുടര്‍ന്ന് തൊണ്ടയിലൂടെ ഭക്ഷണമിറങ്ങാന്‍ പ്രയാസവും തൊണ്ടയില്‍ ചൊറിച്ചിലും ഉണ്ടാകും. രോഗത്തിന് മുന്നോടിയായി തലവേദന, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളും ശരീരം കാണിക്കും.
മഞ്ഞുകാലത്തും വേനല്‍ക്കാലത്തും ഫാരിന്‍ ജൈറ്റിസ് രോഗത്തിന് സാധ്യത വളരെ കൂടുതലാണ്. ഈ രോഗാവസ്ഥയ്ക്ക് പ്രധാന കാരണം വൈറസ് ബാധയാണ്. എന്നാല്‍ ബാക്ടീരിയ കാരണം രോഗം വന്നാല്‍ മറ്റു ലക്ഷണങ്ങള്‍ക്കൊപ്പം തൊണ്ടയില്‍ ചുവപ്പും വെളുത്ത പാടുകളും കാണാം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും, നേരിയ ചൂടുവെള്ളത്തില്‍ നന്നായി ഉപ്പ് കലര്‍ത്തി തൊണ്ടയില്‍ കൊള്ളുന്നതും (ഗാര്‍ഗ്ലിങ്) വേദനയും നീര്‍വീക്കവും കുറയ്ക്കാന്‍ സഹായിക്കും.
കടുത്ത തൊണ്ടവേദനയും പനിയുമുണ്ടെങ്കില്‍ പാരസെറ്റമോള്‍ ഗുളിക കഴിക്കാം. ബാക്ടീരിയയാല്‍ വരുന്ന ഫാരിന്‍ജൈറ്റിസിന് ആന്റി ബായോട്ടിക്കുകള്‍ ഫലം നല്‍കും. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും പനിയും തൊണ്ടവേദനയും കുറയുന്നില്ലെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം.