പാചകവാതക വിതരണത്തില്‍ നവംബര്‍ ഒന്നുമുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍വരും. ഗ്യാസ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി, വീട്ടിലെത്തുന്ന വിതരണക്കാരന് നല്‍കിയാലെ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ.
തട്ടിപ്പുകള്‍ ഒഴിവാക്കാനും ശരിയായ ഉപഭോക്താവിന് തന്നെയാണ് സിലിണ്ടര്‍ ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്താനുമാണ് പുതിയ സംവിധാനം. 100 നഗരങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. ജയ്പൂരില്‍ പദ്ധതിക്ക് തുടക്കമായി.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, ഉപഭോക്താവിന്റെ രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന കോഡ് വിതരണക്കാരനെ കാണിക്കണം. വിതരണത്തിന് എത്തുംമുമ്പ് കോഡ് ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറില്‍ എത്തിയിട്ടുണ്ടാകും. ഒടിപി നല്‍കിയാലെ വിതരണ പ്രകൃയ പൂര്‍ത്തിയാകൂ. അതേസമയം, മൊബൈല്‍ നമ്പറില്‍ മാറ്റമുണ്ടെങ്കില്‍ അപ്ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം ഇനിമുതല്‍ സിലണ്ടര്‍ ലഭ്യമാകില്ല. അതുപോലെ ഗ്യാസ് ഏജന്‍സിയില്‍ നല്‍കിയിട്ടുള്ള വിലാസം താമസ സ്ഥലത്തില്‍നിന്ന് വ്യത്യാസമുണ്ടെങ്കില്‍ അതും പുതുക്കി നല്‍കണം. വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതക വിതരണത്തിന് ഡെലിവറി കോഡ് സംവിധാനം ബാധകമില്ല.