ന്യൂഡല്‍ഹി: മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്താനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും. വരും മാസങ്ങളില്‍ വാക്‌സിന്റെ പരീക്ഷണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
അവസാനഘട്ട പരീക്ഷണത്തില്‍ നാല്‍പതിനായിരത്തോളം പേരെ വരെ പങ്കെടുപ്പിക്കേണ്ടിവരുമെന്നും ഇതിന് റെഗുലേറ്ററി ബോര്‍ഡിന്റെ അനുമതി ലഭിക്കണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. നിലവില്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലുള്ള വാക്‌സിനുകളൊക്കെയും കുത്തിവെപ്പിലൂടെ നല്‍കുന്നവയാണ്.
അതേസമയം, ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 75 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 55,722 പേര്‍ക്ക് കൂടി കോവിഡ് രോഗ സ്ഥിരീകരണം നടന്നതോടെ രോഗികളുടെ എണ്ണം 75,50,273 ആയി. 7,72,055 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 66,63,608 പേര്‍ രോഗമുക്തി നേടി. 579 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,14,610 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെ 9,060 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 7,012 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 8,344 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്താകെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലത്ത് രണ്ടാംഘട്ട വ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.