ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണകരമാവില്ലെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍. ചൈനയോട് മൃദുസമീപനം പുലര്‍ത്തുന്നയാളാണ് ബൈഡനെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ പരാമര്‍ശം- ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
‘ചൈനയുടെ ഭീഷണിയെക്കുറിച്ച് നമ്മള്‍ ബോധവാന്‍മാരായിരിക്കണം. അക്കാര്യം നന്നായി അറിയാവുന്ന രണ്ട് രാജ്യങ്ങള്‍ ഇന്ത്യയും അമേരിക്കയുമാണ്. ബൈഡന് ചൈന 1.5 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ട്. വലിയൊരു വ്യവസായിയാണ് ബൈഡന്‍. അയാളെ വിലയ്ക്ക് വാങ്ങാമെന്ന് ചൈന കണക്കുകൂട്ടുന്നുണ്ട്. ഇതാണ് ബൈഡന് ചൈനയോടുള്ള മൃദുസമീപനത്തിന് കാരണം’, ട്രംപ് ജൂനിയര്‍ പറഞ്ഞു.
അതേസമയം വ്യവസായികള്‍ക്കും സ്വതന്ത്ര ചിന്താഗതിക്കാര്‍ക്കും ബൈഡന്റെ ഭരണം ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബൈഡന്റെ മകന്‍ ധാരാളം അഴിമതികള്‍ നടത്തിയിട്ടുണ്ടെന്നും ചൈനയെ കൂടാതെ റഷ്യയും ഉക്രൈനും ബൈഡനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ എനിക്ക് നന്നായി അറിയാം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ റാലി നടന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഗുജറാത്തിലായിരുന്നുവെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബൈഡന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോവിഡ് സംബന്ധിച്ച് ട്രംപ് നടത്തിയ തെറ്റായ പരാമര്‍ശങ്ങള്‍ക്കെതിരെയും ബൈഡന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.