ഐസ്വാള്‍: അസം- മിസോറം അതിർത്തി സംഘർഷം പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് മിസോറാം ഗവര്‍ണര്‍ ശ്രീധരൻ പിള്ള. നിലവിൽ സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റിരുന്നു. മിസോറമിലെ കോലാസിബ് ജില്ലയും ആസാമിലെ കാചാർ ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്തായിരുന്നു സംഘർഷം.
ഇന്ത്യൻ റിസർവ് ബറ്റാലിയൻ അംഗങ്ങളെ ഇവിടെ മിസോറം സർക്കാർ വിന്യസിച്ചു. ശനിയാഴ്ച വൈകുന്നേരം മിസോറാമിലെ വൈരെംഗ്തേയിൽ ഒത്തുചേർന്ന പ്രദേശവാസികളെ ആസാമിൽനിന്നുള്ളവർ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു.
ഇതിനു തിരിച്ചടിയായി വൈരെഗ്തേ നിവാസികൾ, ദേശീയപാതയ്ക്കു സമീപം അസാമിലെ ലൈലാപുർ നിവാസികളുടെ 20 കുടിലുകളും സ്റ്റാളുകളും തീവച്ചു. ഇതോടെ രൂക്ഷമായ സംഘർഷം മണിക്കൂറുകൾ നീണ്ടു.