മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് 30 പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1657 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കൂടി കണക്കുകള്‍ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,09,953 ആയി. ഇതുവരെ 1,101 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 95,624 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 86.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേരെയാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 518 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 203 പേര്‍ ഗുരുതരാവസ്ഥയിലാണ്.
അതേസമയം, കോവിഡ് വ്യാപനം തടയാന്‍ ഒമാനില്‍ നടപ്പാക്കിയ രാത്രി സഞ്ചാര വിലക്ക് ഒരാഴ്ച പിന്നിട്ടു. വിലക്ക് ലംഘിച്ചതിനെ തുടര്‍ന്ന് റൂവിയിലെ പ്രമുഖ കഫേക്ക് കഴിഞ്ഞ ദിവസം ആയിരത്തിലധികം റിയാല്‍ പിഴ ചുമത്തി. രാത്രി എട്ടുമണിയായിട്ടും കടയില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് പിഴ ചുമത്തിയത്. ജീവനക്കാര്‍ക്ക് എട്ടുമണിക്ക് മുമ്പ് താമസ സ്ഥലത്ത് എത്താന്‍ സാധിക്കുന്ന വിധത്തില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കണമെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.