പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞ് എന്‍ഡിഎ വിട്ടിട്ടും ബിജെപിയുമായി അകലാതെ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. നിതീഷ്‌കുമാറിനെതിരെയുള്ള ചിരാഗ് പാസ്വാന്റെ നീക്കത്തില്‍ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായ രൂക്ഷപ്രതികരണത്തിന് പിന്നാലെയാണ് ബിജെപിയെ അനുനയിപ്പിച്ചുകൊണ്ട് ചിരാഗ് പാസ്വാന്‍ രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്ന് ബിജെപി പാസ്വാന് താക്കീത് നല്‍കിയിരുന്നു. പ്രധാനമന്ത്രി രാമനാണെന്നും രാമന്റെ ഹനുമാനാണ് താനെന്നുമുള്ള പാസ്വാന്റെ പാരമര്‍ശവും ബിജെപിയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിരാഗ് പാസ്വാന്റെ നീക്കത്തില്‍ ഇതുവരെ പരസ്യമായി രംഗത്തെത്താതിരുന്ന ബിജെപി മൗനം വെടിഞ്ഞത്.
എന്നാല്‍, ബിജെപിയെ പിണക്കാതെയായിരുന്നു ചിരാഗ് പാസ്വാന്റെ മറുപടി. “പ്രധാനമന്ത്രി മോദിയുടെ ഫോട്ടോകള്‍ എനിക്ക് ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തിലാണ്. രാമനോടുള്ള ഹനുമാന്റെ ഭക്തി പോലെ, നിങ്ങള്‍ എന്റെ ഹൃദയം തുറന്നാല്‍ മോദിജിയെ മാത്രമേ കാണാനാകൂ” എന്നാണ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്.
”അരക്ഷിത” മായതിനാല്‍ പ്രധാനമന്ത്രിയുടെ ഫോട്ടോകള്‍ കൂടുതല്‍ വേണ്ടത് നിതീഷ് കുമാറിനാണെന്നും പാസ്വാന്‍ പരിഹസിച്ചു. അതേസമയം, ബീഹാറില്‍ ജെഡിയുവിനെതിരെ ബിജെപി പിന്തുണയോടെ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിരാഗ് പാസ്വാന്‍ തന്നെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.
നവംബര്‍ 10 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി-എല്‍ജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്. നേരത്തെ ജെഡിയു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാനുള്ള പദ്ധതി ബിജെപി ഉന്നത നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന് ചിരാഗ് പാസ്വാന്‍ വെളിപ്പെടുത്തിയിരുന്നു.
ജെഡിയുവിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് എല്‍ജെപി എന്‍ഡിഎ മുന്നണി വിട്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്ന ആരോപണം നിലനില്‍ക്കെയാണു വെളിപ്പെടുത്തല്‍.
ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.