മുംബൈ: മഹാരാഷ്ട്രയിലെ ജാല്‍ഗണില്‍ സഹോദരങ്ങളായ നാലു കുഞ്ഞുങ്ങളെ കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തി. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
ജാല്‍ഗണിലെ ബോര്‍ഘേത ഗ്രാമത്തിലാണ് സംഭവം. 12 വയസുള്ള സായ്ത, 11വയസായ റാവല്‍, എട്ടുവയസായ അനില്‍, മൂന്നുവയസായ സുമന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
മാതാപിതാക്കളായ മെഹ്താബും റുമാലി ബിലാലയും മധ്യപ്രദേശ് സ്വദേശികളാണ്. ജോലിക്കായി ഇവിടെ എത്തിയതായിരുന്നു. മധ്യപ്രദേശില്‍നിന്ന് കുറച്ച് കിലോമീറ്റര്‍ മാത്രമാണ് മഹാരാഷ്ട്രയിലെ ഇൗ ഗ്രാമത്തിലേക്കുള്ള ദൂരം.
കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയികഴിഞ്ഞ ശേഷം ഫാമിന്റെ ഉടമസ്ഥന് നാലു കുഞ്ഞുങ്ങളും ചോരയില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. കുഞ്ഞുങ്ങളുടെ മൃതദേഹത്തിന് സമീപത്തുനിന്നും രക്തം പുരണ്ട കോടാലി പൊലീസ് കണ്ടെടുത്തു.
ഒരേ കോടാലി ഉപയോഗിച്ചാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഐ.പി.എസുകാരന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ധരും കേസ് അന്വേഷണത്തില്‍ പങ്കുചേരും. നാലു മൃതദേഹങ്ങളും പോസ്റ്റ്മോട്ടത്തിന് ശേഷം സംസ്കരിക്കും.