ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനുള്ള അവകാശം ചൈനക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അതിര്‍ത്തി പ്രദേശത്തെ 44 പാലങ്ങള്‍ ഇന്ത്യ തുറന്നതിന് പിന്നാലെ ബെയ്ജിങ് നടത്തിയ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കവെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ലഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈനയ്ക്ക് ഒരു കാര്യവുമില്ലെന്നും അവരുടെ നിലപാട് അംഗീകരിക്കില്ലെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
അതിര്‍ത്തി മേഖലയുടെ അടിസ്ഥാന വികസനത്തിനായി ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതിനെ എതിര്‍ക്കാന്‍ ചൈനയ്ക്ക് ഒരു അധികാരവുമില്ല. ലഡാക്ക്, ജമ്മു കാഷ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ശ്രീവാസ്തവ വ്യക്തമാക്കി. ജമ്മു കാഷ്മീര്‍ പോലെ തന്നെ അരുണാചല്‍ പ്രദേശും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് അങ്ങനെ തന്നെ തുടരും. ഈ വസ്തുത ഉന്നത തലത്തില്‍ ഉള്‍പ്പെടെ ചൈനീസ് പക്ഷത്തെ പലതവണ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു.
ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി ഇന്ത്യ മാറ്റിയത് നിയമവിരുദ്ധമായാണെന്നും ചൈന അത് അംഗീകരിച്ചിട്ടില്ലെന്നും അതിര്‍ത്തി പ്രദേശത്തെ പാലങ്ങള്‍ ഇന്ത്യ തുറന്നതിന് പിന്നാലെ ചൈന പറഞ്ഞിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സൈന്യത്തെയും ആയുധങ്ങളെയും അതിവേഗം എത്തിക്കാന്‍ പുതിയ പാലങ്ങള്‍ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, അതിര്‍ത്തിയില്‍ ഇന്ത്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതാണ് സംഘര്‍ഷത്തിന്റെ മൂലകാരണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ആരോപിച്ചിരുന്നു.