കോവിഡിനെതിരായ രണ്ടാമത്തെ വാക്‌സിനും റഷ്യ അനുമതി നല്‍കി. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് രണ്ടാമത്തെ വാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വാക്‌സിസിനു അനുമതി നല്‍കിയിരിക്കുന്നതെന്നാണ് റഷ്യ ഇക്കാര്യത്തിൽ അവകാശപ്പെടുന്നത്. അതേസമയം, റഷ്യ അംഗീകരിച്ച ആദ്യ വാക്‌സിന്‍ സ്പുട്‌നിക് 5 പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടില്ല.
റഷ്യന്‍ പ്രസിഡന്റ് വ്ലാദ്‍മിര്‍ പുടിനാണ് പുതിയ ഒരു വാക്‌സിന് കൂടി അനുമതി നല്‍കിയ കാര്യം പ്രഖ്യാപിച്ചത്. വാക്‌സിന്റെ ഗവേഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പുടിന്‍ അഭിനന്ദിച്ചു. രണ്ട് വാക്‌സിനുകളും നിര്‍മാണം വര്‍ധിപ്പിക്കുമെന്നും വിദേശരാജ്യങ്ങളുമായി സഹകരിക്കുന്നതു തുടരുമെന്നും വാക്‌സിന്‍ അവര്‍ക്കും നല്‍കുമെന്നും പുടിന്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണു പുതിയ വാക്‍സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. ആഗസ്റ്റ് മാസത്തിലാണ് റഷ്യ ആദ്യ വാക്‌സിന്‍ സ്പുട്‌നിക് 5ന് അനുമതി നല്‍കിയിരുന്നത്.