മലയാള സിനിമാ താരസംഘടനയായ എ.എം.എം.എയ്ക്ക് (അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ്സ്) തുറന്ന കത്തുമായി നടിമാരായ രേവതിയും പത്മപ്രിയയും. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ സംഘടനാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. സിദ്ദിഖിനെതിരായ ആരോപണത്തില്‍ സ്വീകരിച്ച നടപടി എന്താണെന്ന് ചോദിച്ച ഇരുവരും സംഘടനയെയും സിനിമ മേഖലയെയെയും അപമാനിക്കുന്ന അംഗങ്ങളുടെ പ്രസ്താവനകളില്‍ എന്ത് നടപടി സ്വീകരിക്കുമെന്നും ചോദിച്ചു.
അമ്മയിലെ അംഗമെന്ന നിലയില്‍ സഹപ്രവര്‍ത്തകയായ പാര്‍വതി നല്കിയ രാജി, 2018ല്‍ ആരംഭിച്ച ഒരു യാത്രയിലേക്ക് തങ്ങളെ തിരികെ കൊണ്ടുപോയെന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ഒരുപാട് വേദനകളോടെയാണ് ആ യാത്ര ആരംഭിച്ചത്. ചലച്ചിത്രമേഖലയിലെ അഭിനേതാക്കള്‍ എന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ക്രിയാത്മക അവബോധം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു യാത്ര. മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത വിധത്തില്‍ പൊതുവേദികളില്‍ ചര്‍ച്ചകള്‍ക്കുള്ള ഇടം സൃഷ്ടിച്ചതിനാല് ആ ശ്രമങ്ങള്‍ ചില വഴികളില്‍ ഫലപ്രദമാണ്. എന്നാല്‍ അമ്മയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലും തങ്ങള്‍ക്ക് സഹകരണമുണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അതീവ വിഷമത്തോടെ അമ്മയില്‍ നിന്ന് രാജിവച്ച 2018ലെ സാഹചര്യത്തിലേക്കാണ് പാര്‍വതിയുടെ രാജിയും എത്തി നില്‍ക്കുന്നത്.
വിചാരണാഘട്ടത്തിലുള്ള ഒരു കേസിനെ കുറിച്ച് മോശമായി സംസാരിച്ച് സംഘടനയിലെ മറ്റ് അംഗങ്ങള്‍ക്കിടയില്‍ കേസിനെ വില കുറച്ച് കാണിക്കാന്‍ സംഘടനയിലെ തന്നെ ചില താരങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം സംഘടനാ സെക്രട്ടറി ഇടവേള ബാബു നടത്തിയ പ്രസ്താവന. അന്‍പത് ശതമാനത്തിലേറെ വനിതകളുള്ള ഈ സംഘടനയില്‍ അവരെ സംരക്ഷിക്കാനോ അവര്‍ക്ക് നീതി നല്‍കാനോ ശ്രമം ഉണ്ടാകില്ല എന്നതിന് ഉദാഹരണമാണ് ഇത്. ഇത്തരമൊരു സംഭവമുണ്ടായിട്ടും സംഘടനാ ഭാരവാഹികള്‍ മൗനം പാലിക്കുന്നതിനെ കുറിച്ചും കത്തില്‍ പരമാമര്‍ശിച്ചിട്ടുണ്ട്.
പുരുഷാധിപത്യത്തിലുള്ള സമാധാനം സ്ത്രീകള്‍ക്കെതിരായ യുദ്ധമാണ് എന്ന മറിയ മൈസിന്റെ വാക്യത്തോടെയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.