ന്യൂ ഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും മലിനീകരണ തോത് കൃത്യതയോടെ പരിശോധിക്കാൻ 50 ജാഗ്രതാ സംഘങ്ങളെ നിയോഗിച്ച് കേന്ദ്രം. ഇന്നു മുതൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സംഘങ്ങൾ പ്രവർത്തനസജ്ജമാകും – ഹിന്ദുസ്ഥാൻ ടൈംസ്.
സംഘം ഡല്‍ഹിക്കു പുറമെ നോയിഡ, ഗസിയാബാദ്, മിററ്റ്, ഗഡ്ഗാവ്, ഫരിദാബാദ്, ബലാഗ്ര, ജജാർ, പാനിപത്ത്, സോണപെട്ട് എന്നിവിടങ്ങൾ സന്ദർശിക്കും. രാജസ്ഥാനിലെ അൽവാറിലും ഭരത്പൂരിലും മലിനീകരണ തോത് കൃത്യമായി നിരീക്ഷിക്കും. അടുത്ത വർഷം ഫെബ്രുവരി 28 വരെ ഇത് തുടരും.
മലിനീകരണ ഉറവിടങ്ങളും മലിനീകരണത്തിന് കാരണമാകുന്ന പ്രവർത്തികളും കണ്ടെത്തി ഉടൻ ഉചിതമായ പരിഹാര നടപടിയെന്നതിനായാണ് സംഘങ്ങൾ. മലിനീകരണത്തിനിടവരുത്തുന്ന പ്രധാന ഇടങ്ങൾ കണ്ടെത്തുക. ശേഷം മലിനീകരണ തോത് രൂക്ഷമാകാതിരിക്കുന്നതിനുള്ള സത്വര നടപടികള്‍ കൈകൊള്ളുക എന്നതാണ് സംഘങ്ങളുടെ മുഖ്യ ഊന്നൽ.
വായുമലിനീകരണ തോത് തിട്ടപ്പെടുത്തി ശുദ്ധവായു സൂചിക തത്സമയം അറിയിക്കുന്നതിനായ് മൊബൈൽ ആപ്ലിക്കേഷന് രൂപം നൽകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വക്താവ് പറഞ്ഞു. വ്യവസായിക മേഖലയിൽ സൃഷ്ടിക്കപ്പെടുന്ന വായു മലിനീകരണ തോതും തത്സമയം തിട്ടപ്പെടുത്തും. ഇതിനായ് സമീർ (SAMMER app) ഉപയോഗിക്കുമെന്നും വക്താവ് പറഞ്ഞു.
ഓരോ മണിക്കൂറിലും മലിനീകരണ തോത് തിട്ടപ്പെടുത്താൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ആസ്ഥാനത്ത് കൺട്രോൾ റൂം പ്രവർത്തിക്കും. അതിനെ സംസ്ഥാന സർക്കാരുകളുടെ മലിനീകരണ നിയന്ത്രണ ഏജൻസികളുമായി ഏകോപിപ്പിക്കും.
ശൈത്യകാലത്ത് മലനീകരണ തോത് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമാവുക പതിവാണ്. ഇക്കുറി കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണത്തിലേറെ ശ്രദ്ധ ചെലുത്തുകയാണ് സർക്കാർ.