ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ കഴിഞ്ഞ 15 മാസത്തിനിടയിൽ 36.53 ലക്ഷം രൂപയുടെ വർധന. പ്രധാനമന്ത്രിയുടെ പുതിയ ആസ്തി വിവരകണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം 1.39 കോടിയായിരുന്ന സമ്പാദ്യം 1.75 കോടിയായി വർധിച്ചു. 26.26 ശതമാനത്തിന്റെ വർധനവാണ് ആസ്തിയിൽ രേഖപ്പെടുത്തിയത്.
സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരടക്കം പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച അസറ്റ് ഡിക്ലറേഷനിലാണ് ഇക്കാര്യങ്ങളുള്ളത്. ഇത് പ്രകാരം ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ് കാണിച്ചത്.
പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം രൂപയാണ് ശമ്പളം. കോവിഡ് പ്രമാണിച്ച് പ്രഖ്യാപിച്ച സാലറി കട്ടിന്റെ ഭാഗമായി ഏപ്രില്‍ മുതല്‍ 30 ശതമാനം ശമ്പളം കുറച്ചാണ് പ്രധാനമന്ത്രിക്കും ലഭിക്കുന്നത്. 2020 ജൂൺ 30 വരെയുള്ള ആസ്തി വിവര കണക്കാണ് ഒക്ടോബർ 12-ന് മോദി പുറത്തുവിട്ടത്.
പ്രധാനമന്ത്രി പദവിയിലിരിക്കെ ലഭിക്കുന്ന ശമ്പളത്തിൽ ഭൂരിഭാഗവും ബാങ്കുകളിൽ സേവിങ്സ് അകൗണ്ടുകളിലും സ്ഥിരനിക്ഷേപമായുമാണ് മോദി ഇട്ടിട്ടുള്ളത്. ഇതിൽനിന്ന് ലഭിക്കുന്ന പലിശയും ആസ്തിയിലെ വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, മോദിയുടെ വസ്തുവക ആസ്തികളിൽ മാറ്റമില്ല. 1.1 കോടി രൂപ വിലമതിക്കുന്ന ഗാന്ധിനഗറിലെ ഒരു സ്ഥലവും വീടുമാണ് ആസ്തിവിവര കണക്കിൽ മോദി ഉൾപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഇതിൽ അവകാശമുണ്ട്.
നികുതി കിഴിവിനായി ലൈഫ് ഇൻഷുറൻസിനൊപ്പം എൻഎസ്സി (നാഷ്ണൽ സേവിങ്സ് സർട്ടിഫിക്കറ്റ്), ഇൻഫ്രാസ്ട്രക്ച്ചർ ബോണ്ടിലും മോദിക്ക് നിക്ഷേപമുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇൻഷുറൻ പ്രീമിയം കുറച്ചതായും എൻഎസ്സിയിലെ നിക്ഷേപം മോദി വർധിപ്പിച്ചതായും പുതിയ ആസ്തി വിവര കണക്കിൽ വ്യക്തമാകുന്നു.
ജൂൺ 30 വരെയുള്ള കണക്കുപ്രകാരം മോദിയുടെ സേവിങ് അക്കൗണ്ടിൽ 3.38 ലക്ഷം രൂപ ബാലൻസുണ്ട്. 2019 മാർച്ച് 31-ൽ ഇത് 4,143 രൂപ മാത്രമായിരുന്നു. എസ്ബിഐ ഗാന്ധിനഗർ ബ്രാഞ്ചിലെ സ്ഥിരനിക്ഷേപം 1.60 കോടിയായി ഉയർന്നു. മുൻ സാമ്പത്തിക വർഷം ഇത് 1.27 കോടി രൂപയായിരുന്നു. രണ്ട് ലക്ഷം രൂപ ശമ്പളമുള്ള മോദിയുടെ കൈവശമുള്ളത് 31,450 രൂപയാണെന്നും കണക്കുകളിൽ പറയുന്നു. നാല് സ്വർണമോതിരവും മോദിയുടെ പക്കലുണ്ട്. സ്വന്തമായി കാറോ മറ്റു ബാധ്യതകളോ ഇല്ല.