ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒഴിവുള്ള 11 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ ഒന്പതിനു വോട്ടെടുപ്പും അതിനു ശേഷം വോട്ടെണ്ണലും നടക്കും.
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 20നു പുറപ്പെടുവിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ പത്ത് സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.
കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കോണ്‍ഗ്രസ് നേതാക്കളായ രാജ് ബബ്ബര്‍, പി.എല്‍. പുനിയ, സമാജ്വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ്, നീരജ് ശേഖര്‍ തുടങ്ങിയവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
മാസ്കുകള്‍, തെര്‍മല്‍ സ്കാനിംഗ്, സാനിറ്റൈസറുകള്‍ എന്നിവ നിര്‍ബന്ധമാക്കാനും സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് നടത്തണമെന്നും കമ്മീഷന് സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.