തൃശൂർ: എടിഎം വഴി തുക പിൻവലിക്കാൻ എസ്ബിഐ ഏർപ്പെടുത്തിയ ഒടിപി (വൺ ടൈം പാസ്വേഡ്) സംവിധാനം വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് പരീക്ഷണമാവുന്നു. സാങ്കേതിക പ്രശ്നങ്ങൾ കാരണം നിശ്ചിത സമയത്തിനകം ഒടി.പി ലഭിക്കാതെ ഇടപാട് തടസ്സപ്പെടുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് രാജ്യവ്യാപകമായി എസ്ബിഐക്ക് ലഭിക്കുന്നത്.
പതിനായിരം രൂപക്ക് മുകളിലുള്ള തുക പിൻവലിക്കാനാണ് എസ്ബിഐ ഒടിപി സംവിധാനം ഏർപ്പെടുത്തിയത് .പരാതികളെ തുടർന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണ്. കഴിഞ്ഞ ജനുവരിയിലാണ് 10,000 രൂപക്ക് മുകളിൽ എടിഎമ്മിൽ നിന്ന് പിൻവലിക്കാൻ രാത്രി എട്ടു മുതൽ രാവിലെ എട്ടുവരെ ഒടിപി ഏർപ്പെടുത്തിയത്. അടുത്ത പടിയായാണ് കഴിഞ്ഞമാസം 18 മുതൽ ഇത് 24 മണിക്കൂറും ബാധകമാക്കിയത്.
10,000 രൂപക്ക് മുകളിലുള്ള സംഖ്യ എടിഎമ്മിൽ ടൈപ്പ് ചെയ്താൽ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി വരും. ഇത് നിശ്ചിതസമയത്തിനകം എടി.എമ്മിൽ ടൈപ് ചെയ്താലേ പണം ലഭിക്കുകയുള്ളൂ. എന്നാൽ, സംഖ്യ രേഖപ്പെടുത്തി നിശ്ചിത സമയത്തിനകം ഒടിപി ലഭിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോൾ വ്യാപകമാവുന്നത്. സുരക്ഷിതത്വത്തിനായി ഏർപ്പെടുത്തിയ ഒടിപി സംവിധാനത്തിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്ന് എസ്ബിഐ എടിഎം ചാനൽ വൃത്തങ്ങൾ പറഞ്ഞു.