ലണ്ടന്‍: കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ത്രിതല ലോക്ക് ഡൗണ്‍ രാജ്യവ്യാപകമായി നടപ്പാക്കാനൊരുങ്ങി ബ്രിട്ടന്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിയന്ത്രണങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് തരത്തിലുള്ള നിയന്ത്രണങ്ങളാവും കോവിഡ് വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വിവിധ മേഖലകളില്‍ നടപ്പിലാക്കുക. രോഗവ്യാപനം കുറവുള്ള മേഖലകളില്‍ ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ട നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. ആറു പേരിലധികം കൂട്ടംകൂടാന്‍ പാടില്ല, സാമൂഹ്യ അകലം കൃത്യമായി പാലിക്കണം തുടങ്ങിയ നിബന്ധനകളാവും ഒന്നാമത്തെ വിഭാഗത്തില്‍ ഉണ്ടാവുക.
രണ്ടാമത്തെ വിഭാഗത്തില്‍ പബ്ബുകളിലും ബാറുകളിലും ഭക്ഷണശാലകളിലും ജനങ്ങള്‍ ഇടപഴകുന്നതിന് നിയന്ത്രണള്‍ ഏര്‍പ്പെടുത്തും. മൂന്നാമത്തെ വിഭാഗത്തിലാവും ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സ്ഥലത്തെ ജനങ്ങള്‍ വീടിനു പുറത്ത് ആരുമായും ഇടപഴകാന്‍ അനുവദിക്കില്ല.
പ്രദേശത്തെ പബ്ബുകള്‍, ബാറുകള്‍, ഭക്ഷണശാലകള്‍ എന്നിവ അടച്ചിടുമെന്നും സൂചനയുണ്ട്. കോവിഡ് രോഗികള്‍ വളരെയധികമുള്ള പ്രദേശങ്ങളിലാവും മൂന്നാമത്തെ വിഭാഗത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.