ഗോവയിൽ ഇനി കോവിഡുരോഗ ചികിത്സ സ്വന്തം വീട്ടിലിരുന്നാകാം. ഇതിനായ് ഗോവൻ സർക്കാർ ‘ഹോം ഐസോലേഷൻ കിറ്റ്’ വിതരണം ചെയ്യാൻ തുടങ്ങി. ഒക്ടോബർ ഒമ്പതിന് കിറ്റിൻ്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിർവ്വഹിച്ചു – എഎൻഐ റിപ്പോർട്ട്.
ആശുപത്രികളിൽ ചികിത്സ തേടാതെ വീടുകളിൽ ക്വാറൻ്റയിനിലിരിക്കുന്ന കോവിഡു രോഗികൾക്ക് കിറ്റ് ഏറെ ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡു വ്യാപന പ്രതിരോധ നടപടികളുടെ ശ്രദ്ധേയ തുടർച്ചയെന്ന നിലയിലാണ് കിറ്റ് വിതരണം. രോഗലക്ഷണം പ്രകടമാകുന്ന ആദ്യ ദിനത്തിൽ തന്നെ സ്വചികിത്സയ്ക്കായ് ഈ കിറ്റിലെ മരുന്നുൾപ്പെടെയുള്ളവ ഉപയോഗപ്പെടുത്താവുന്നതാണ്.
കോവിഡു രോഗത്തിൻ്റെ ആദ്യ ഘട്ട ലക്ഷണത്തിൽ തന്നെ ചികിത്സ തുടങ്ങാമെന്നതിലൂടെ രോഗബാധിതരുടെ ബാഹുല്യത്തെ പിടിച്ചുനിറുത്തുവാനാകുമെന്ന് ഗോവൻ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ അവകാശപ്പെട്ടു.
രോഗ പ്രതിരോധത്തിനായ് ഐവർമെക്റ്റിനും ഡൊക്സിസി സൈക്കിളിനുമാണ് മുഖ്യമായും ഹോം ഐസോലേഷൻ കിറ്റിൽ. ഇതിന് കാര്യമായ പാർശ്വഫലങ്ങളില്ലെന്ന് പറയുന്നു. കോവിഡു പ്രതിരോധ മരുന്നായ് ഐവർമെക്റ്റിൻ ആസ്ട്രേലിയൻ സർക്കാർ ഉപയോഗിക്കുന്നതായി ഗോവൻ ആരോഗ്യ മന്ത്രി പറയുന്നു. സംസ്ഥാനത്തിൻ്റെ എല്ലാ മുക്കിലും മൂലയിലും കോവിഡു രോഗ പ്രതിരോധ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യ മന്ത്രി റാണെ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകൾ പ്രകാരം ഗോവയിൽ ഇപ്പോൾ 4716 കോവിഡു രോഗികൾ. 31902 രോഗവിമുക്തർ. 484 മരണം.