ധാക്ക: തെക്കൻ ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്യാമ്പുകളിൽ ക്രിമിനൽ സായുധ സംഘങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷം. ഏറ്റുമുട്ടലിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനെ തുടർന്ന് ആയിരക്കണക്കിന് പേർ ക്യാമ്പുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബ്ബന്ധിക്കപ്പെട്ടതായി പൊലീസും മനുഷ്യകാരുണ്യ പ്രവർത്തകരും അറിയിച്ചതായി അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് തെക്കൻ ബംഗ്ലാദേശിലേത്. ക്രിമിനൽ സംഘങ്ങൾ ആധിപത്യമുറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സംഘർഷം. ക്യാമ്പുകളിൽ വെടിവയ്പ്പ്. തീവയ്പ്പ്. തട്ടിക്കൊണ്ടുപോകൽ. ഇതുമായി ബന്ധപ്പെട്ട് 12 ക്രിമിനലുകളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
2017ൽ ബംഗ്ലാദേശ് സർക്കാരാണ് അഭയാർത്ഥി ക്യാമ്പുകൾ തുറന്നത്. ഒരു ദശലക്ഷം മുസ്ലിം റോഹിംഗ്യകളാണ് ക്യാമ്പിൽ. മ്യാന്മാറിലെ റോഹിംഗ്യൻ വംശഹത്യയിൽ 730000 ഓളം റോഹിംഗ്യനുകളെ അഭയാർത്ഥികളാക്കി. ഇവരിൽ മഹാഭൂപരിക്ഷവുമെത്തിപ്പെട്ടത് ബംഗ്ലാദേശിൽ.
റോഹിംഗ്യൻ ക്യാമ്പുകളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതായി കോക്സ് ബസാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡീഷണൽ പൊലീസ് സൂപ്രണ്ട് റഫിഖുൽ ഇസ്ലാം ടെലിഫോൺ സംഭാഷണത്തിൽ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.
ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാൻ രണ്ട് ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട്. അവർ മയക്കുമരുന്ന്- മനുഷ്യക്കടത്തുകാരാണെന്ന് സംശയിക്കുന്നതായും അഡീഷണൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്നു വ്യാപാരത്തിന് കുപ്രസിദ്ധമാണ് തെക്കൻ ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്യാമ്പുകൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ. മയക്കുമരുന്ന് വ്യാപ്യാര സംഘങ്ങൾക്കിടയിൽ ആധിപത്യത്തിനുള്ള മത്സരമാണ് രക്തരൂക്ഷിത സംഘർഷങ്ങൾക്ക് ആധാരം.
സംഘർഷങ്ങളിൽ 2018 മുതൽ നൂറിലധികം റോഹിംഗ്യനുകൾ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു. മയക്കുമരുന്ന് കള്ളക്കടത്തുകാരുമായുണ്ടായ വെടിവയ്പിനിടെ ക്രിമിനൽ സംഘാംഗങ്ങളെ പിടികൂടിയതായി പൊലീസ് പറയുന്നു.