ഏഥൻസ്: ഗ്രീസിലെ തീവ്ര വലതുപക്ഷ ഗോൾഡൻ ഡോൺ പാർട്ടി ക്രിമിനൽ സംഘടനയാണെന്ന് സുപ്രധാന കോടതി വിധി. അഞ്ചുവർഷ വിചാരണയിൽ 68 പ്രതികളുണ്ടായിരുന്നു. ഗോൾഡൻ പാർട്ടിക്കെതിരെയുള്ള കൊലപാതക- ആക്രമണ കേസുകളിലാണ് വിധിയെന്ന് റഷ്യൻ ടിവി റിപ്പോർട്ട് ചെയ്യുന്നു.
കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള ഗോൾഡൻ ഡോണിനെതിരെയുള്ള വിധിന്യായത്തിനിടെ ഏഥൻസ് കോടതിക്ക് പുറത്ത് ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കാനായി തടിച്ചുകൂടി. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിട്ടു.
ഗോൾഡൺ ഡോൺ പാർട്ടി നേതാവ് മൈക്കലോലിയാക്കോസുൾപ്പെടെ പാർട്ടിയുടെ മുൻ പാർലമെൻ്റംഗങ്ങളിൽ ഏഴുപേർ കുറ്റവാളികളാണെന്ന് കോടതി വിധിച്ചു. പാർട്ടിയുടെ 18 മുൻ പാർലമെന്റ് അംഗങ്ങളുൾപ്പെടെ 68 പ്രതികളാണ് കേസിൽ. പാർട്ടി യുടെ പ്രവർത്തനം ക്രിമിനൽ സംഘടനക്ക് തുല്യമെന്ന് കോടതി വിധി അടിവരയിട്ടു.
2013 ൽ ഗ്രീക്ക് പാവ്‌ലോസ് ഫിസ്സാസിന്റെ കൊലപാതകം. കുടിയേറ്റ മത്സ്യത്തൊഴിലാളികൾക്കെതിരായ ആക്രമണം. ഇടതുപക്ഷ പ്രവർത്തകർക്കെതിരായ ആക്രമണം. ഇപ്പറഞ്ഞ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോൾഡൻ ഡോൺ പാർട്ടി ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുണ്ടോയെന്ന് വിചാരണ വേളയിൽ കോടതി മുഖ്യമായും പരിശോധിച്ചത്.
ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട ഫിസ്സാസിനെ കൊലപ്പെടുത്തിയ കേസിൽ ഗോൾഡൻ ഡോണിനെതിരെ 2015 ലാണ് വിചാരണ ആരംഭിച്ചത്. തൽഫലമായി ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് മൈക്കലോലിയാക്കോസിനെയും ഒരു ഡസനിലധികം പാർട്ടി അംഗങ്ങളെയും അറസ്റ്റ് ചെയ്തു. വിചാരണ രാഷ്ട്രീയ പകപോക്കാലാണെന്ന് ഗോൾഡൻ ഡോൺ പറഞ്ഞു.
രാജ്യത്തിന്റെ തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ സമൂലമായ മാറ്റത്തിനായി നിലകൊണ്ട ഗ്രീസിലെ ഏറ്റവും ജനപ്രിയ മൂന്നാമത്തെ പാർട്ടിയാണ് ഗോൾഡൻ ഡോൺ. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ പക്ഷേ ഈ തീവ്ര വലതുപക്ഷ പാർട്ടിക്ക് പാർലമെന്റിൽ അവശേഷിക്കുന്ന സീറ്റുകളും നഷ്ടപ്പെട്ടിരുന്നു.