ന്യൂഡൽഹി: മോചിപ്പിക്കാവുന്ന തടവുകാരുടെ പട്ടിക വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) കേന്ദ്ര – സംസ്ഥാന – കേന്ദ്ര ഭരണ പ്രദേശ സർക്കാരുകളോട് ആവശ്യപ്പെട്ടു. ജയിലുകൾക്കുള്ളിൽ സാമൂഹിക അകലം പാലിച്ച് കോവിഡ് -19 പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇത് കണക്കിലെടുത്താണ് മനുഷ്യാവകാശ കമ്മിഷൻ്റെ നിർദ്ദേശം.
യുദ്ധകാലാടിസ്ഥാനത്തിൽ തടവുകാരുടെ ആരോഗ്യാവസ്ഥ തിട്ടപ്പെടുത്താൻ മെഡിക്കൽ ഓഫീസർമാരുടെ സേവനമുറപ്പുവരുത്തണം. നിസ്സാര കുറ്റങ്ങൾ ആരോപിക്കപ്പെടുന്നവരെയും എളുപ്പം ജാമ്യം ലഭിയ്ക്കാവുന്നവരെയും അറസ്റ്റ് ചെയ്യരുതെന്നും പൊതുജന സമ്പർക്കം ചുരുങ്ങിയ രീതിയിലാകണമെന്നും പൊലിസ് വകുപ്പുകളോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു – ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
മനുഷ്യാവകാശങ്ങൾ പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതി രൂപീകരിക്കണം. സമിതി തടവുകാരുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും അവകാശങ്ങളെക്കുറിച്ച് വിലയിരുത്തണം – കമ്മീഷൻ സംസ്ഥാന – കേന്ദ്രഭരണ പ്രദേശ – കേന്ദ്ര സർക്കാരുകളോട് ആവശ്യപ്പെട്ടു.
കോവിഡ് -19 വ്യാപന പശ്ചാത്തലത്തിൽ ജയിലുകളിൽ തടവുക്കാരുടെ ബാഹുല്യം ഒഴിവാക്കാൻ നിശ്ചിത വിഭാഗത്തെ മോചിപ്പിക്കാൻ സുപ്രീം കോടതി ഈ വർഷം മാർച്ചിൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ വിചാരണ തടവുകാരെ സംസ്ഥാനങ്ങൾ വിട്ടയച്ചിട്ടുണ്ട്.
തടവുകാർക്ക് സോപ്പ്, സാനിറ്റൈസർ, മാസ്ക് എന്നിവ നൽകണമെന്നും അവയുടെ പതിവ് ഉപയോഗം നിർബന്ധമാക്കണമെന്നാണ് എൻഎച്ച്‌ആർസിയുടെ മറ്റൊരു നിർദ്ദേശം.
ജയിലുകളിൽ അടുത്ത ആറ് മാസത്തിനുള്ളിൽ മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും ഒഴിവുകൾ നികത്തണം. പ്രാദേശിക – സ്പെഷ്യലിസ്റ്റ് ആശുപത്രികളുമായി ജയിലുകൾക്ക് സഹകരിക്കാം. ഇതിലൂടെ തടവുകാർക്കും ജയിൽ ഉദ്യോഗസ്ഥർക്കും ഉചിതമായ പരിശോധനയും ചികിത്സയും വേഗത്തിൽ നൽകണമെന്നതും മനുഷ്യാവകാശ സംഘടനയുടെ നിർദ്ദേശം.
പാരസെറ്റമോൾ, വിറ്റാമിൻ ഇ, സിങ്ക് തുടങ്ങിയ മരുന്നുകളുടെ മതിയായ സ്റ്റോക്ക് എല്ലാ ജയിലുകളിലും സൂക്ഷിക്കണം. ഇതിനായി ജയിൽ അധികൃതർക്ക് അധിക ബജറ്റ് നൽകണമെന്ന നിർദ്ദേശവുമുണ്ട് എൻഎച്ച്ആർസിക്ക്.
ജോലിയുടെ സ്വഭാവമനുസരിച്ച് കോവിഡ് -19 പകരാൻ ഏറ്റവും സാധ്യതയുള്ളവരാണ് പൊലിസ് ഉദ്യോഗസ്ഥർ. അതിനാൽ ഗുരുതരമായ കേസുകളിൽ മാത്രമേ അറസ്റ്റും റിമാൻഡും പാടൂ. ജാമ്യമില്ലാ കുറ്റങ്ങളിൽ പ്രതിയെ അന്വേഷണത്തിന് ആവശ്യമില്ലെങ്കിൽ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കണം.
വലിയ ജനക്കൂട്ടത്തെ പ്രതിഷേധത്തെ നേരിടുമ്പോൾ അനിവാര്യമെങ്കിൽ മാത്രമേ പൊലിസ് ബല പ്രയോഗത്തിന് മുതിരാവൂയെന്നും എൻഎച്ച്‌ആർസി അടിവരയിടുന്നു. പൊതുജനങ്ങളുമായി ആധികാരിക വിവരങ്ങങ്ങൾ കൈമാറാൻ പൊലിസ് വകുപ്പുകൾ വക്താവിനെ നിയോഗിക്കണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
സന്ദർശക സ്ഥലത്തിൻ്റെ ശുചിത്വം, ലോക്ക്-അപ്പ്, വെയിറ്റിങ് ഏരിയകൾ, ടോയ്‌ലറ്റുകൾ, ചോദ്യം ചെയ്യൽ മുറികൾ എന്നിവയ്ക്കായി വിശദമായ എസ്‌ഒപികൾ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുകൾ) തയ്യാറാക്കണം.
പൊലിസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരോട് (എസ്എച്ച്ഒമാർ) പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്നതിനായി അവരുടെ അധികാര പരിധിയിലുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.