ന്യൂ ഡല്‍ഹി: 763 ഗ്രാമങ്ങളിലായി 132,000 ഗ്രാമീണര്‍ക്ക് അവർ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തുന്ന ഭൂരേഖകള്‍ കൈമാറും. ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടയം വിതരണം ചെയ്യും. പ്രധാനമന്ത്രി ആരംഭിച്ച “സ്വാമിത്വ” പദ്ധതി പ്രകാരമാണ് പട്ടയ വിതരണം – ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
ഗ്രാമീണരുടെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വർഷങ്ങളായി, ചിലപ്പോൾ പതിറ്റാണ്ടുകളായി തുടരുന്ന ഭൂമി തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു സുപ്രധാന നടപടിയാണിത്. ഇതോടെ രാജ്യത്തെ ചെറുകിട ഗ്രാമീണ കര്‍ഷകര്‍ക്ക് ഭൂമിയുടെ കൈവശാവകാശത്തില്‍ നിന്ന് ഉടമസ്ഥാവകാശം നിയമ പിന്‍ബലത്തോടെ ലഭിക്കുന്നു. ഗ്രാമീണ മേഖലയിലെ സ്വത്തുകളുടെ രേഖ സൂക്ഷിക്കാനും ഇത് സഹായിക്കും.
ഹരിയാനയിൽ നിന്ന് 221, കർണാടകയിൽ നിന്ന് 100, മഹാരാഷ്ട്രയിൽ നിന്ന് 100, മധ്യപ്രദേശിൽ നിന്ന് 44, ഉത്തർപ്രദേശിൽ നിന്ന് 346, ഉത്തരാഖണ്ഡിൽ നിന്ന് 50 പേര്‍ക്കുമാണ് ഭൂമിയുടെ പട്ടയവും അവയുടെ ഡിജിറ്റൽ പകർപ്പുകളും ഡിജിറ്റൽ പ്രോപ്പർട്ടി കാർഡുകളും ലഭിക്കുക.
ജന്മികളില്‍ നിന്ന് ലഭിച്ച ഭൂമിയുടെ കൈവശാവകാശമാണ് ഗ്രാമീണ മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്കുള്ളത്. ഉടമസ്ഥാവകാശ രേഖകളുടെ അഭാവം മൂലം ഭൂമിയുടെ അവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ സഹജമാണ്. രാജ്യത്തെ സിവിൽ കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത മൊത്തം കേസുകളിൽ 40% എങ്കിലും ഗ്രാമീണ ഭൂമി സംബന്ധിച്ച തർക്കങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം തടസ്സങ്ങള്‍ക്ക് പരിഹാരമാകാന്‍ പ്രസ്തുത പദ്ധതിക്ക് സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.