ബെർലിൻ: യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാര്‍ ബെര്‍ലിനില്‍ കൂടിക്കാഴ്‍ച നടത്തി. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയും തമ്മില്‍ നടന്ന കൂടിക്കാഴ്‍ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.
സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, ഗതാഗതം, വ്യോമയാന, ആരോഗ്യം, സംസ്കാരം എന്നീ മേഖലകളിൽ സഹകരണത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും സാധ്യതകൾ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.
ബെർലിനിലെ വില്ല ബോർസിഗിൽ വെച്ചാണ് രണ്ട് മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. ജർമൻ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് അവരെ സ്വീകരിച്ചു. പ്രാദേശികവും അന്തർദ്ദേശീയവുമായ നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ചയായതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
മേഖലയിൽ സമാധാനവും സുസ്ഥിരതയും സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും ഒപ്പുവച്ച സമാധാന കരാറായിരുന്നു യോഗത്തിലെ പ്രധാന കേന്ദ്രം. കോവിഡ് 19 നെതിരായ ആഗോള പോരാട്ടവും ഇരു രാജ്യങ്ങളുടെയും അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതും രോഗത്തിന് വാക്സിൻ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നൂതന പരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതും സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയായി.
ശൈഖ് അബ്ദുല്ലയ്‌ക്കൊപ്പം ജർമ്മനിയിലെ യുഎഇ സ്ഥാനപതി ഹഫ്‍സ അബ്ദുല്ല അൽ ഒലാമ, വിദേശ, സാംസ്കാരിക കാര്യങ്ങൾക്കായുള്ള അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഒമർ സെയ്ഫ് ഘോബാഷ് എന്നിവർ പങ്കെടുത്തു.