അബുദാബി: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 10 റണ്‍സ് ജയം. 168 വിജയലക്ഷ്യവുമായി ബാറ്റേന്തിയ ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 50 റണ്‍സെടുത്ത വാട്‌സണ്‍ മാത്രമാണ് ചെന്നൈയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 167 റണ്‍സ് എടുത്തു. 51 പന്തില്‍ നിന്നും 81 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് കൊല്‍ക്കത്ത മികച്ച സ്കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കം തന്നെയാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ചത് ശാര്‍ദുല്‍ ഠാക്കൂറാണ്. തന്റെ ആദ്യ ഓവറില്‍ തന്നെ ശാര്‍ദുല്‍ ഗില്ലിനെ ക്യാപ്റ്റന്‍ ധോനിയുടെ കൈയ്യിലെത്തിച്ചു. ഗില്‍ 12 പന്തില്‍ നിന്നും 11 റണ്‍സെടുത്തു. പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണയ്ക്കും തിളങ്ങാനായില്ല. റാണയെ കരണ്‍ ശര്‍മ പുറത്താക്കി. അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച പാറ്റ് കമ്മിന്‍സാണ് സ്‌കോര്‍ബോര്‍ഡ് 150 കടത്തിയത്. ഒടുവില്‍ 20 ഓവറില്‍ കൊല്‍ക്കത്ത 167 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.
പീയുഷ് ചൗളയ്ക്ക് പകരം ടീമിലെത്തിയ കരണ്‍ ശര്‍മയും ശാര്‍ദുല്‍ ഠാക്കൂറും സാം കറനും ബ്രാവോയും ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. ബ്രാവോ മൂന്നുവിക്കറ്റുകള്‍ നേടിയപ്പോള്‍ കരണും ശാര്‍ദുലും കറനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസ്സിയും ഷെയ്ന്‍ വാട്‌സണും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫോമിലുള്ള ഡുപ്ലെസ്സിയെ പുറത്താക്കി ശിവം മാവി കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ റായുഡു ക്രീസിലെത്തിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. റായുഡുവും വാട്‌സണും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് 99-ല്‍ നില്‍ക്കെ നാഗര്‍കോട്ടി ഈ കൂട്ടുകെട്ട് പൊളിച്ചു.
അമ്പാട്ടി റായുഡുവിന് ശേഷം ധോനിയാണ് ക്രീസിലെത്തിയത്. അര്‍ധസെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ വാട്‌സണെ സുനില്‍ നരെയ്ന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 40 പന്തില്‍ നിന്നാണ് വാട്‌സണ്‍ 50 റണ്‍സെടുത്തത്.
പിന്നാലെയെത്തിയ സാം കറനും ധോനിയും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ ധോനിയെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. പിന്നാലെ സാം കറനെ ആന്ദ്രെ റസ്സല്‍ മടക്കി. കേദാര്‍ ജാദവിനും രവീന്ദ്ര ജഡേജയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ആന്ദ്രെ റസ്സല്‍ എറിഞ്ഞ അവസാന ഓവറില്‍ 26 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍157 റണ്‍സേ ടീമിന് എടുക്കാനായുള്ളൂ.
കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസ്സല്‍, ശിവം മാവി, നാഗര്‍കോട്ടി, നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.