ഒക്ടോബർ 2020: രാജ്യത്തെ പ്രവർത്തന ശൃംഖലയിലുടനീളം ഉത്സവ സീസണിന് മുന്നോടിയായി ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ആമസോൺ ഇന്ത്യ. ഉത്സവ സീസണിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനും ഉൽപ്പനങ്ങളുടെ മികച്ച വിതരണം ഉറപ്പാക്കുന്നതിനും സഹായകമാകുന്നതാണ് ഈ തൊഴിലവസരങ്ങൾ
പുതിയ ജീവനക്കാർ നിലവിലുള്ള ജീവനക്കാർക്ക് പിന്തുണ നൽകുന്നതോടൊപ്പം ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യുന്നതിനും, കയറ്റി അയയ്ക്കുന്നതിനും, വിതരണം ചെയ്യുന്നതിനും സഹായിക്കും. ഇതിനുപുറമേ പതിനായിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളും നൽകുന്നു. ട്രക്കിങ് ജോലികൾ, പാക്കേജിങ് വെണ്ടർമാർ, “ ഐ ഹാവ് സ്പേസ്’’ വിതരണ പങ്കാളികൾ, ആമസോൺ ഫ്ളക്സ് പങ്കാളികൾ, ഹൗസ് കീപ്പിംഗ് ഏജൻസികൾ എന്നിവ വഴിയാണ് ഈ പരോക്ഷ തൊഴിലവസരങ്ങൾ ഒരുങ്ങുന്നത്
ഈ മെയ് മാസത്തിൽ, ആമസോൺ ഇന്ത്യ പ്രവർത്തന ശൃംഖലയിലും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലും 70,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക് ശൃംഖല എന്നിവയിൽ തുടർച്ചയായുള്ള നിക്ഷേപങ്ങളിലൂടെ 2025 ഓടെ ഇന്ത്യയിൽ 1 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ആമസോൺ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണിത്.
“ഈ ഉത്സവസീസണിൽ വീടുകളിൽ സുരക്ഷിതരായി ഇരിക്കുന്ന രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഉപഭോക്താക്കൾക്ക് വേഗത്തിലും സുരക്ഷിതവും തുടർച്ചയായതുമായ ഈ കോമേഴ്സ് അനുഭവം പ്രദാനം ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു ലക്ഷം തൊഴിലവസരങ്ങളാണ് ഞങ്ങൾ ഒരുക്കുന്നത്. മഹാമാരി കാരണം നിത്യജീവിതത്തിന് ആവശ്യമായ വരുമാനം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന നിരവധി പേർക്ക് തൊഴിലവസരം ഒരുക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്”. എപിഎംസി, എംഇഎൻഎ, എൽഎടിഎം കസ്റ്റമർ ഫുൾഫിൽമെന്റ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അഖിൽ സക്സേന പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ആമസോൺ പുതിയതായി 10 ഫുൾഫിൽമെന്റ് കേന്ദ്രങ്ങൾ ആരംഭിക്കുകയും നിലവിലുള്ള 7 കേന്ദ്രങ്ങൾ വിപുലീകരിക്കുകയും ചെയ്തു. നിലവിൽ കമ്പനിക്ക് 32 ദശലക്ഷം ക്യുബിക് ഫീറ്റ് സ്റ്റോറേജും, ആറരലക്ഷം വില്പനക്കാരും ഉണ്ട്. സോർട്ട് സെന്ററുകളുടെ വിപുലീകരണവും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 19 സംസ്ഥാനങ്ങളിലായി അഞ്ച് പുതിയ സോർട്ട് സെന്ററുകൾ ആരംഭിക്കുകയും നിലവിലുള്ള എട്ടെണ്ണം വിപുലീകരിക്കുകയും ചെയ്തു . ആമസോൺ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും വിതരണ പങ്കാളികളുടേതുമായ 200 കേന്ദ്രങ്ങൾ വഴി വിപണന അടിസ്ഥാനസൗകര്യം വിപുലീകരിച്ചിട്ടുണ്ട് . ആമസോൺ ഫ്ലെക്സ്, “ഐ ഹാവ് എ സ്പേസ് “ എന്നീ പദ്ധതികളിലൂടെ പതിനായിരക്കണക്കിന് പേർക്ക് അധികവരുമാനം ഉറപ്പുവരുത്തുകയും ചെയ്യുന്നു
ജീവനക്കാർക്കായി നിരവധി രോഗപ്രതിരോധ നടപടികൾ ആണ് ആമസോൺ സ്വീകരിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കൽ, മുഖം മൂടൽ, നിത്യേന താപനില അളക്കൽ തുടങ്ങിയ നൂറോളം നടപടികളാണ് ഇതിനായി അവലംബിച്ചിരിക്കുന്നത്. ഉൽപ്പന്നം വിതരണം ചെയ്യുന്ന വ്യക്തി വീട്ടുപടിക്കൽ ഉൽപ്പന്നം എത്തിച്ച് മണിമുഴക്കി ഉപഭോക്താവിനെ അറിയിച്ച ശേഷം രണ്ട് മീറ്റർ പുറകിലേക്ക് മാറി നിൽക്കുന്നു. ഇതുവഴി സാമൂഹിക അകലം പാലിക്കാൻ സാധിക്കുന്നു. വിതരണ സമയത്ത് പണം ഈടാക്കുമ്പോഴും നേരിട്ട് പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുന്നു. ഇതിനെല്ലാം പുറമേ വിതരണം നടത്തുന്ന ആളുകൾ കൈകളും, എപ്പോഴും സ്പർശിക്കുന്ന വാഹനങ്ങളുടെ പ്രതലവും സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക യും വിതരണ സമയത്ത് മുഖം മൂടിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.