എത്യോപ്യ: എത്യോപ്യ ബ്ലൂ നൈല്‍ നദിയില്‍ നിര്‍മ്മിക്കുന്ന അണക്കെട്ടിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്നത് നിരോധിച്ചു. സുരക്ഷാ കാരണങ്ങളാലാണ് വ്യോമഗതാഗതനിരോധനം – റോയിട്ടേഴ്സിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുഡാന്റെയും ഈജിപ്തിന്റെയും കടുത്ത എതിര്‍പ്പ് നിലനില്‍ക്കെ വെയാണ് ഗ്രാന്റ് എത്യോപ്യന്‍ റിനാന്സെന്സ് അണക്കെട്ട് നിര്‍മ്മാണം അന്തിമഘട്ടത്തോട് അടുക്കുന്നത്. അണക്കെട്ടിലെ വെള്ളം സംഭരണവും അതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് സുഡാന്റയും ഈജിപ്തിന്റെയും എതിര്‍പ്പ്.
നല്ല മഴ ലഭിച്ചതിനാല്‍ ഈ വര്‍ഷം ജലസംഭരണം വിജയപ്രദമായിരുന്നു. അടുത്ത സീസണോടെ അണക്കെട്ടിലെ ജലസംഭരണം പൂര്‍ണമാകുമെന്നാണ് എത്യോപ്യന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷത്തിനുള്ളില്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉല്പാദനം ആരംഭിക്കുമെന്ന് എത്യോപ്യന്‍ പ്രസിഡന്റ് സഹ്ലെ-വര്‍ക്ക് സ്യൂഡെ ഒക്ടോബര്‍ അഞ്ചിന് പാര്‍ലമെന്റില്‍ പറഞ്ഞു.
അണക്കെട്ടിന്റെ സുരക്ഷയെ മുന്‍നിറുത്തി അതിന്റെ മുകളിലൂടെയുള്ള എല്ലാ വിമാനങ്ങളും നിരോധിച്ചിരിക്കുന്നുവെന്ന് എത്യോപ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ വെസെനെലെ ഹുനെഗ്ന ഒക്ടോബര്‍ നാലിന് ഫോണിലൂടെ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കം കൂടുതല്‍ വഷളാക്കിയേക്കാവുന്ന ഈ നീക്കത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് ഡയറക്ടര്‍ ജനറല്‍ വിസമ്മതിച്ചു.
ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി പദ്ധതിയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അണക്കെട്ട് സുഡാനും ഈജിപ്തിനും ഒരിക്കലും ഭിഷണിയല്ലെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു. ജൂലായിലാണ് എത്യോപ്യ ജലസംഭരണി നിറയ്ക്കാന്‍ തുടങ്ങുന്നത്. അതിനുമുമ്പ് ഈജിപ്തും സുഡാനമായി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കരാറിലേര്‍പ്പെടുന്നതില്‍ എത്യോപ്യ പരാജയപ്പെട്ടു. ആഫ്രിക്കയിലെ ഏറ്റവും വലിയ വൈദ്യുതി കയറ്റുമതിക്കാരനാകാനുള്ള എത്യോപ്യയുടെ ശ്രമത്തിന്റെ ഭാഗമാണ് ബ്ലൂ നൈല്‍ നദിയിലുയരുന്ന ഈ വന്‍കിട ജലവൈദ്യുത പന്ധതി.
എത്യോപ്യ – സുഡാന് അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ എത്യോപ്യന്‍ അണക്കെട്ട്. ഈജിപത് നൈല്‍ നദിയുടെ പോഷക നദിയാണ് ബ്ലൂ നൈല്‍ നദി. ഈജിപ്തിലെ 100 ദശലക്ഷം ജനങ്ങളുടെ ശുദ്ധജലത്തിന്റെ 90 ശതമാനവും ബ്ലൂ നൈല്‍ നദിയെ ആശ്രയിച്ചാണ്. അണക്കെട്ടില്‍ പൂര്‍ണമായും ജലം സംരംഭിക്കപ്പെടുന്നതോടെ ബ്ലൂ നൈല്‍ നദി ശോഷിക്കും. അതോടെ തങ്ങളുടെ കുടിവെള്ളം മുട്ടുമെന്ന ആശങ്കയാണ് ഈജിപ്ത് ഉയര്‍ത്തുന്നത്. അണക്കെട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എത്യോപ്യയ്ക്ക് 100 മില്യണ്‍ ഡോളര്‍ സഹായം വെട്ടിക്കുറയ്ക്കാന്‍ അമേരിക്ക കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.