ന്യൂഡല്‍ഹി: ഇതിഹാസ നടന് സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85 കാരനായ ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനക്കായി തിങ്കളാഴ്ച ശേഖരിച്ചിരുന്നു. ഇന്നാണ് ഫലം വന്നത്.
ബംഗാളിലെ ഏറ്റവും പ്രശസ്തനായ നടന് സൗമിത്ര ചാറ്റര്‍ജി ചലച്ചിത്ര നിര്‍മ്മാതാവ് സത്യജിത് റേയുടെത് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അവര്‍ ഒരുമിച്ച് 14 സിനിമകള്‍ ചെയ്തു. 1959 ല്‍ പുറത്തിറങ്ങിയ റേയുടെ അപൂര് സന്‍സാര്‍ എന്ന ചിത്രത്തിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
സൗമിത്ര ചാറ്റര്‍ജിയുടെ വിപുലമായ അവാര്‍ഡുകളുടെയും ബഹുമതികളുടെയും പട്ടികയില്‍ പത്മഭൂഷനും സംഗീത നാടക് അക്കാദമി ടാഗോര്‍ രത്നയും ഉള്‍പ്പെടുന്നു. 2012 ല്‍ ഇന്ത്യയിലെ മികച്ച ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. അന്റാര്ധന്, ദേഖ, പദോക്ഹെപ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് ദേശീയ അവാര്‍ഡുകളും ചാറ്റര്‍ജി നേടിയിട്ടുണ്ട്.
2018 ല്‍ രാജ്യത്തെ മികച്ച സിവിലിയന്‍ അവാര്‍ഡായ ഫ്രാന്‍സിന് ലെജിയന്‍ ഓഫ് ഓണര്‍ നല്കി ആദരിച്ചു. 1989 ല്‍ സത്യജിത് റേയ്ക്കും ഇതേ അവാര്‍ഡ് ലഭിച്ചിരുന്നു.