റഷ്യ: കോവിഡ്- 19 പ്രതിരോധ റഷ്യന്‍ വാക്സിന്‍ സ്പുട്നിക് – 5ന്റെ മനുഷ്യ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് പുതുക്കിയ പ്രോട്ടോക്കോള്‍ സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ് സിഒ) വിദഗ്ധ പാനല്‍ ഡോ. റെഢീസ് ഫാര്‍മയോട് ആവശ്യപ്പെട്ടു. പുതുക്കിയ പ്രോട്ടോക്കോള്‍ പ്രകാരം ഇന്ത്യയില്‍ വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി ലഭ്യമാക്കപ്പെട്ടേക്കും – ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്.
റഷ്യന്‍ വാക്സിന്‍ ഘട്ടം -3 ഹ്യൂമന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതിയ്ക്കായ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഢീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ക്ക് അപേക്ഷ നല്‍കിയിരുന്നു. ഒക്ടോബര്‍ അഞ്ചിന് ചേര്‍ന്ന വിദഗ്ധ പാനലിന്റെ യോഗത്തില്‍ കോവിഡ് -19 സംബന്ധിച്ച സബ്ജക്റ്റ് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ്ഇസി) ഡോ. റെഢീസിന്റെ അപേക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് പുതുക്കിയ പ്രോട്ടോക്കോള്‍ സമര്‍പ്പിക്കാന്‍ സ്ഥാപനത്തോട് ആവശ്യപ്പെട്ടത്.
പുതുക്കിയ പ്രോട്ടോക്കോളിനെ മുന്‍നിറുത്തിയാകും 2, 3 ഘട്ട ക്ലിനിക്കല്‍ പരീക്ഷണ അനുമതി. ഡോ. റെഢിസ് ഫാര്‍മ പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. എസ്ഇസി പറയുന്നതനുസരിച്ച് അവര്‍ക്ക് ഘട്ടം – 2, 3 ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തേണ്ടതുണ്ട്. കൂടാതെ ഇന്ത്യയില്‍ വാക്സിനുള്ള ഘട്ടം – 3 ട്രയല്‍ നേരിട്ട് നടത്താന്‍ കഴിയില്ല – ഔദ്യോഗിക വൃത്തം പറയുന്നു.
ഡോ. റെഢിസ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി (ആര്‍ഡിഎഫ്) സഹകരിച്ചാണ് റഷ്യന്‍ സ്പുട്നിക് – 5 കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. വാക്‌സിന്റെ ഇന്ത്യന്‍ വിതരണ പങ്കാളിയും ഡോ. റെഢിസ് ഫാര്‍മയാണ്. ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററി അഥോറ്റി അംഗീകാരത്തിനുശേഷം ആര്‍ഡിഎഫ് ഇന്ത്യയിലെ വിതരണത്തിനായി 100 ദശലക്ഷം ഡോസ് വാക്‌സിന്‍ ഡോ. റെഢിസ് ഫാര്‍മക്ക് നല്‍കുമെന്ന കരാറില്‍ കഴിഞ്ഞ മാസം ഒപ്പുവക്കപ്പെട്ടിരുന്നു. ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും ആര്‍ഡിഎഫും സംയുക്തമായാണ് സ്പുട്‌നിക് – 5 വികസിപ്പിച്ചെടുത്തത്.