ലക്‌നൗ: ഹാത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെയാണ് അറസ്റ്റ് ചെയ്തത്.
ഹാത്രാസിലെ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചുവെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചാണ് അറസ്റ്റ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറിയാണ് അറസ്റ്റിലായ സിദ്ദീഖ്. യുപി പൊലീസിന്റെ നടപടിയില്‍ കെയുഡബ്ല്യുജെ അപലപിച്ചു. കേരള മുഖ്യമന്ത്രിമാര്‍ക്കും സംസ്ഥാന ഡിജിപിമാര്‍ക്കും പരാതി നല്‍കി.
ഹാത്രാസില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളെ കടത്തുന്നത് വിലക്കിയിരുന്നു. പിന്നീട് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് കടത്തി വിട്ടത്. അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് മുമ്പ് തേജസ്, തത്സമയം ദിനപത്രങ്ങളുടെയും ലേഖകനായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും സിദ്ദീഖിനൊപ്പം യുപി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.