വാഷിങ്ടണ്‍: കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്ന് നേരെ വൈറ്റ് ഹൗസിലേക്കെത്തിയതിന് പിന്നാലെ മുഖാവരണം എടുത്തുമാറ്റിയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്.
ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചികിത്സയ്ക്ക് ശേഷം 20 വര്‍ഷം ചെറുപ്പമായെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ട്രംപിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുദിവസത്തെ ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.
വൈറ്റ് ഹൗസിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്ന മറൈന്‍ വണ്‍ ഹെലികോപ്റ്ററിന് സല്യൂട്ട് നല്‍കുന്ന അവസരത്തിലാണ് ട്രംപ് മാസ്‌ക് നാടകീയമായി ഊരി മാറ്റിയത്. ട്രംപ് ആശുപത്രി വിടുന്നതുമുതല്‍ വൈറ്റ് ഹൗസില്‍ എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
ട്രംപ് ആശുപത്രി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രധാന വക്താവ് കോവിഡ് പോസിറ്റീവായി. അതിനാല്‍ വൈറ്റ് ഹൗസിനുള്ളിലെ ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ക്രമപ്പെടുത്തിയേക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ കോവിഡ് ബാധയും അതില്‍ നിന്ന് മുക്തി നേടിയതും ട്രംപിനോടുള്ള ജനങ്ങളുടെ അനുഭാവം വര്‍ധിപ്പിച്ചിട്ടുണ്ട്.