വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വിജയ സാധ്യത കല്‍പ്പിച്ച് റോയിട്ടേഴ്‌സ് സര്‍വേ. പൊതുജനസമ്മതിയില്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 10 പോയിന്റ് മുന്നിലാണ് ജോ ബൈഡന്‍ എന്നാണ് സര്‍വേ ഫലം.
51 ശതമാനം പേര്‍ ജോ ബൈഡനെ പിന്തുണയ്ക്കുന്നുണ്ട്. 41 ശതമാനം മാത്രമാണ് ട്രംപിനുള്ള പിന്തുണ. 4 ശതമാനം പേര്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റ് പാര്‍ട്ടിക്കും വിജയസാധ്യത കല്‍പ്പിക്കുന്നില്ല. ബാക്കി നാല് ശതമാനം പേര്‍ അന്തിമ നിഗമനത്തിലെത്തിയിട്ടുമില്ല.
ട്രംപിന് കോവിഡ് ബാധിച്ചത് ജനപിന്തുണയില്‍ ഇടിവുണ്ടാവുന്നതിന് ഒരു കാരണമായിട്ടുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. കോവിഡ് വ്യാപനത്തെ ട്രംപ് ഗൗരവമായി എടുത്തിരുന്നെങ്കില്‍ രോഗബാധ ഒഴിവാക്കാമായിരുന്നെന്ന് പലരും അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയണ് സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്. സര്‍വേയില്‍ 34 ശതമാനം പേര്‍ മാത്രമാണ് ട്രംപ് കോവിഡിനെക്കുറിച്ച് വസ്തുതാപരമായ കാര്യങ്ങളാണ് പൊതുജനത്തോട് പറയുന്നതെന്ന് കരുതുന്നത്. 55 ശതമാനം പേര്‍ ട്രംപിന്റെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 11 ശതമാനം പേര്‍ക്ക് ഇതില്‍ വലിയ ഉറപ്പില്ല.
കോവിഡ് പ്രതിസന്ധിയെ ട്രംപ് ഗൗരവമായിക്കണ്ടില്ല എന്നു നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അടുത്തിടെ നടന്ന സംവാദത്തില്‍ ബൈഡന്‍ ട്രംപിനെതിരെ ഇത് പ്രധാന ആരോപണമായി ഉന്നയിച്ചിരുന്നു. ഒക്ടോബര്‍ 15 നാണ് അടുത്ത സംവാദം നടക്കുന്നത്. ട്രംപിന് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ സംവാദം ഈ ദിവസം നടക്കുമോ എന്നത് സംബന്ധിച്ച് അറിയിപ്പൊന്നും വന്നിട്ടില്ല.
വ്യാഴാഴ്ച വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് പൈന്‍സും തമ്മിലുള്ള സംവാദം നടക്കും.