ന്യൂ ഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയുടെ സ്വീകാര്യതയേറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കിയാണ് രാഹുലിൻ്റെ മുന്നേറ്റം. മോദിയുടെ ഫേസ്ബുക്കിൽ സംവദിക്കുന്നവരെക്കാൾ 40 ശതമാനം കൂടുതലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ രണ്ടുവരെയുള്ള ഫേസ്ബുക്ക് അനലിറ്റിക്‌സ് വിവരങ്ങൾ പ്രകാരമാണിതെന്ന് കോൺഗ്രസ് പറയുന്നു – ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട്.
അഞ്ച് ഫേസ്ബുക്ക് പേജുകളുടെ വരെ അനലിറ്റിക്‌സ് നിരീക്ഷിക്കാൻ അനുവദിക്കപ്പെടുന്നുണ്ട്. ഇതിലൂടെ ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് രാഹുൽ ഗാന്ധി മോദിയെ മറികടന്നുവെന്ന കോൺഗ്രസ് പാർട്ടിയുടെ വെളിപ്പെടുത്തൽ.
സെപ്റ്റംബർ 25 – ഒക്ടോബർ രണ്ട് കാലയളവിൽ ഗാന്ധിയുടെ പോസ്റ്റുകളോട് 13.9 ദശലക്ഷം സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംവദിച്ചതായി അനലിറ്റിക്‌സ് പറയുന്നു. അഭിപ്രായങ്ങൾ, ലൈക്കുകൾ, ഷെയറുകൾ എന്നിവയുടെ കുത്തൊഴുക്കാണ് രാഹുൽ ഗാന്ധിയുടെ പേജിലെന്ന് അനലിറ്റിക്‌സിൽ പ്രകടം.
രാഹുലിൻ്റേതു കൂടാതെ നരേന്ദ്ര മോദി, ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോൺഗ്രസ്, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുടെ പേജുകളുടെയും അനലിറ്റിക്സ് വിലയിരുത്തപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ഉപയോക്താക്കൾ പിന്തുടരുന്ന അഞ്ച് മുൻനിര നേതാക്കളിലൊരാളായ മോദിക്ക് 45.9 ദശലക്ഷം ഫോളോവേഴ്‌സ്. കോൺഗ്രസ് കണക്കുകൾ പ്രകാരം കഴിഞ്ഞയാഴ്ച മോദിയുടെ പോസ്റ്റുകളോട് സംവദിച്ചത് 8.2 ദശലക്ഷം മാത്രമായിരുന്നു.
16 ദശലക്ഷം ഫോളോവർമാരുണ്ട് ബിജെപിയുടെ ഔദ്യോഗിക പേജിൽ. 2.3 ലക്ഷം പ്രതികരണങ്ങളുമുണ്ട്. കോൺഗ്രസിന് 5.6 ദശല ലക്ഷം ഫോളോവർമാർ. 3.6 ദശലക്ഷം പ്രതികരണങ്ങളും. ഗാന്ധിയുടെ ഫോളോവർമാർ 3.5 ശതമാനം കൂടി. ഈ കാലയളവിൽ രാഹുൽ ഗാന്ധി 52 കുറിപ്പുകൾ പോസ്റ്റുചെയ്തു.
രാഹുൽ ഗാന്ധിക്ക് നരേന്ദ്ര മോദിയേക്കാൾ വളരെ കുറച്ച് ഫോളോവർമാരെയുള്ളൂ. പക്ഷേ മോദിയുടേതിനേക്കാൾ കൂടുതലാണ് രാഹുലിൻ്റെ പോസ്റ്റുകൾക്കുള്ള ലൈക്കുകളും പ്രതികരണങ്ങളും ഷെയറുകളും. രാഹുലിൻ്റെ പോസ്റ്റുകളുടെ ഉള്ളടക്കം വ്യാപകമായി സ്വീകരിക്കപ്പെടുന്നുവെന്നതിന്റെ സൂചനയാണിത്.
ഹത്രാസ് പ്രശ്നത്തിൽ രാഹുലിൻ്റെ ഇടപ്പെടലിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാർജ്ജിക്കാനായെന്നത് ശ്രദ്ധേയമായി. “ഞാൻ ഹത്രാസ് ഇരയുടെ കുടുംബത്തെ കണ്ടു. അവരുടെ വേദന മനസ്സിലാക്കി. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ അവർക്കൊപ്പം നിൽക്കുമെന്നും നീതി ലഭിക്കാൻ അവരെ സഹായിക്കുമെന്നും ഞാൻ അവർക്ക് ഉറപ്പ് നൽകി. യുപി സർക്കാരിന് അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ കഴിയില്ല. കാരണം ഇപ്പോൾ ഈ മകൾക്ക് നീതി ലഭിക്കാൻ രാജ്യം മുഴുവനുമുണ്ട് ” – രാഹുൽ ഗാന്ധിയുടെ ഈ പോസ്റ്റിന് 450000 ലൈക്കുകൾ.