ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ശക്തമായി അപലപിച്ചു- എഎൻഐ റിപ്പോർട്ട്. ഒക്ടോബർ മൂന്നിന് നങ്കർഗാർ പ്രവിശ്യ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിനുനേരെയുണ്ടായ കാർ ബോംബാക്രമണത്തിൽ 15 ഓളം പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചിച്ച സെക്രട്ടറി ജനറൽ പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. അഫ്ഗാനിൽ ശാശ്വത സമാധാന സംസ്ഥാപന ശ്രമങ്ങൾക്ക് യുഎൻ പ്രതിജ്ഞാബദ്ധമാണ്. സംഘർഷത്തിനറുതിയിട്ട് സമാധാന പാലനത്തിനായി വേഗത്തിൽ കരാറിലെത്തിച്ചേരേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ യുഎൻ അഫ്ഗാൻ ജനതക്കും സർക്കാരിനുമൊപ്പമുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് പറഞ്ഞു.
കാർ ബോംബു സ്ഫോടനത്തിന് പിന്നിൽ താലിബാനാണെന്ന റിപ്പോർട്ടുകൾക്കൊപ്പം പാക് രഹസ്യാന്വേഷണ സംഘടന ഐഎസ്ഐക്കും പങ്കുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. താലിബാൻ തീവ്രവാദികളുൾപ്പെടെ അഫ്ഗാൻ ജനതയ്ക്ക് നേരെയുള്ള ആക്രമണങ്ങളും പൊതുമുതൽ നശിപ്പിക്കലും തുടരുകയാണെന്ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിൻ്റെ പ്രസ്താവനയെ ഉദ്ധരിച്ച് ടൂൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.