റോം: കമ്പോള മുതലാളിത്തത്തിന്റെ ‘മാന്ത്രികസിദ്ധാന്തങ്ങൾ’ പരാജയപ്പെട്ടെന്ന് കോവിഡ് മഹാമാരി തെളിയിച്ചതായി ഫ്രാൻസിസ് മാർപാപ്പ. സംവാദത്തിനും ഐക്യത്തിനും പ്രാധാന്യം നൽകുന്ന, യുദ്ധത്തെ തിരസ്കരിക്കുന്ന പുതിയ രാഷ്ട്രീയമാണ് ലോകത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പേരുകാരനായ വി ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഞായറാഴ്ച പുറത്തിറക്കിയ ‘എല്ലാവരും സോദരർ’ എന്ന ചാക്രികലേഖനത്തിലാണ് കോവിഡാനന്തര ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പാപ്പ പങ്കുവെക്കുന്നത്.
യുദ്ധത്തെ നിയമാനുസൃതമായ പ്രതിരോധമാർഗമായി ന്യായീകരിക്കുന്ന കത്തോലിക്കാസഭയുടെ സിദ്ധാന്തം കാലഹരണപ്പെട്ടുവെന്ന് ലേഖനം പറഞ്ഞു. “നൂറ്റാണ്ടുകളായി അത് ലോകവ്യാപകമായി പ്രയോഗിക്കപ്പെട്ടുവരുന്നതാണ്. ഇപ്പോൾ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ‘നീതിപൂർവമുള്ള യുദ്ധ’ത്തിന്റെ സാധ്യതയെക്കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്ന യുക്ത്യാധിഷ്ഠിത അളവുകോലുകൾ ഇന്നു പ്രയോഗിക്കുക പ്രയാസമാണ്” -പാപ്പ പറഞ്ഞു.
മനുഷ്യരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാനായി നിലവിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥാപനങ്ങൾ പരിഷ്കരിക്കേണ്ടെതുണ്ടെന്ന തന്റെ വിശ്വാസം മഹാമാരി ബലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.