ഷാര്‍ജ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുബൈ ഇന്ത്യന്‍സിന് 34 റണ്‍സ് വിജയം. 209 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എടുക്കാനേയായുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനത്തിലാണ് മുംബൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു.
സണ്‍ റൈസേഴ്‌സിന് വേണ്ടി റാഷിദ് ഖാന്‍ നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത് മികച്ചു നിന്നു. സന്ദീപ് ശര്‍മ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കൗള്‍ ഒരു വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ സണ്‍റൈസേഴ്‌സിന്റെ ഓപ്പണര്‍മാര്‍ക്ക് മികച്ച ഇന്നിംഗ് കാഴ്ചവയ്ക്കാനായില്ല. ആദ്യ വിക്കറ്റില്‍ വെറും 34 റണ്‍സ് മാത്രമാണ് വാര്‍ണര്‍ക്കും ബെയര്‍സ്റ്റോയ്ക്കും നേടാനായത്. അഞ്ചാം ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ബെയര്‍സ്റ്റോ പുറത്തായി. 15 പന്തുകളില്‍ നിന്നും 25 റണ്‍സാണ് താരം നേടിയത്.
പിന്നാലെയെത്തിയ മനീഷ് പാണ്ഡെ മികച്ച ഷോട്ടുകളുമായി മുന്നേറിയതോടെ സണ്‍റൈസേഴ്‌സ് പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി. വാര്‍ണറും പാണ്ഡെയും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആദ്യം ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും വാര്‍ണര്‍ ശ്രദ്ധിച്ച് കളിച്ച് ഫോമിലേക്ക് തിരിച്ചെത്തി. പാണ്ഡെയും വാര്‍ണറും മികച്ച രീതിയില്‍ കളിച്ചെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് മനീഷ് പാണ്ഡെ പുറത്തായതോടെ സണ്‍റൈസേഴ്‌സ് പ്രതിരോധത്തിലായി. പിന്നാലെ എത്തിയ കെയ്ന്‍ വില്ല്യംസണും കാര്യമായി ഒന്നും ചെയ്യാനായില്ല.
വില്യംസണ് പകരം ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ ടോപ് സ്‌കോറര്‍ പ്രിയം ഗാര്‍ഗിനും തിളങ്ങാനായില്ല. പിന്നാലെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും മടങ്ങി. 44 പന്തുകളില്‍ നിന്നും 60 റണ്‍സെടുത്താണ് വാര്‍ണര്‍ മടങ്ങിയത്. ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തിയ ടീം അവസാന ഓവറുകളില്‍ തകരുകയായിരുന്നു.
മുംബൈയ്ക്ക് വേണ്ടി ട്രെന്റ് ബോള്‍ട്ടും പാറ്റിന്‍സണും ബുംറയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റ് നേടി.