ലക്നോ: ഉത്തര്‍പ്രദേശില്‍ ഹാത്രസിലെ ബൂല്ഗദിയില് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജില്ല മജിസ്ട്രേറ്റിനെ നീക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേസ് ഇല്ലാതാക്കാന്‍ ഹാത്രസ് മജിസ്ട്രേറ്റ് നടത്തിയ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അഭിപ്രായ പ്രകാരം ജില്ല മജിസ്ട്രറ്റാണ് ഏറ്റവും മോശമായ രീതിയില്‍ അവരോട് പെരുമാറിയത്. ആരാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നുമാണ് പ്രിയങ്കയുടെ ചോദ്യങ്ങള്‍. യുപി സര്‍ക്കാര്‍ കുറച്ചെങ്കിലും ഉറക്കമുണര്ന്നിട്ടുണ്ടെങ്കില് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം മാനിക്കണമെന്നും പ്രിയങ്ക ട്വീറ്റില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക വദ്രയും പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചിരുന്നു. രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്കൊപ്പം ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് രാഹുല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.