ബ്രിട്ടിഷ് പാർലമെൻ്റ് പാസ്സാക്കിയ ആഭ്യന്തര വിപണി ബില്ലിനെതിരെ യൂറോപ്യൻ കമ്മീഷൻ നിയമനടപടി സ്വീകരിച്ചു. ബിൽ ബ്രെക്‌സിറ്റ് പിന്മാറ്റ ഉടമ്പടിയുടെ ചില ഭാഗങ്ങൾ അസാധുവാക്കുന്നുവെന്നതാണ് കമ്മീഷൻ്റെ നിയമ നടപടിക്കാധാരം. ബ്രെക്‌സിറ്റ് പിൻവലിക്കൽ കരാർ മാറ്റിയെഴുതുവാനാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രമം. ഇത് ബ്രിട്ടൻ്റെ വിശ്വാസ ലംഘനമാണെന്ന് നിലപാടിലാണ് യൂറോപ്യൻ യൂണിയൻ – ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
ആഭ്യന്തര വിപണി ബിൽ ബ്രിട്ടിഷ് പാർലമെന്റിൻ്റെ പ്രഭുസഭയുടെ പരിഗണനയിലാണ്. അയർലണ്ട് ദ്വീപിൽ കർശന അതിർത്തി പരിശോധന ഒഴിവാക്കുമെന്നത് പിന്മാറ്റക്കരാറിൻ്റെ ഭാഗമായിരുന്നു. ബ്രിട്ടന്റെ ഈ ഉറപ്പിന് തികച്ചും വിരുദ്ധമാണ് ഇപ്പോഴത്തെ നിയമ നിർമ്മാണമെന്ന് ബ്രസൽസിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു
യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞരും നയനിർമ്മാതാക്കളും ബ്രിട്ടൻ്റെ നിയനിർമ്മാണത്തിൽ തീർത്തും അസംതൃപ്തരാണ്. വർഷങ്ങളായുള്ള വിലക്ഷണമായ ബ്രെക്‌സിറ്റിൻ്റെ അസംബന്ധ പര്യവസാനമായിമാറുകയാണ് ബ്രിട്ടൻ്റെ നിയമ നിർമ്മാണം. ഒരു വർഷം മുമ്പ് മാത്രമാണ് പിന്മാറ്റ കരാർ ഒപ്പുവച്ചത്. ഇനിയും പൂർണമായി പ്രാബല്യത്തിലെത്തിയിട്ടില്ലാത്ത കരാറിനെ ദുർബലപ്പെടുത്തുകയാണ് ബോറിസ് ജോസൺ സർക്കാർ. ഇതിനെതിരെ യൂറോപ്യൻ യൂണിയൻ ഇപ്പോൾ ഔപചാരിക നോട്ടീസ് അയ്ക്കുകയാണ്. ഇത് യൂറോപ്യൻ നീതിന്യായ കോടതിയുടെ പരിഗണനയിലെത്തും – യൂറോപ്യൻ യൂണിയൻ സാരഥികൾ പറയുന്നു.
യൂറോപ്യൻ യൂണിയൻ്റെ നോട്ടീസിന് മറുപടി നൽകാൻ ബ്രിട്ടന് ഒരു മാസമുണ്ട്. തങ്ങളുടെ നിയമനിർമ്മാണം അന്താരാഷ്ട്ര നിയമ ലംഘനമാണെന്ന് ബ്രിട്ടിഷ് മന്ത്രിമാർ തന്നെ സമ്മതിച്ചിരുന്നതാണ്. അതു കൊണ്ടുതന്നെ യൂറോപ്യൻ യൂണിയൻ്റെ നോട്ടീസിന് യഥാസമയം ഉചിതമായ മറുപടി നൽകുമെന്നാണ് ബ്രിട്ടിഷ് സർക്കാർ പ്രതികരിക്കുന്നത്.
ഭാവിയിൽ വ്യാപാരം, യാത്ര, ബന്ധം എന്നിവയുമായി ബന്ധപ്പെട്ട് പിന്മാറ്റ കരാറുണ്ടാക്കാൻ ഇടക്കാല ശ്രമം തുടരുമെന്നും ബ്രിട്ടൻ പറയുന്നുണ്ട്. പരിവർത്തന കാലയളവ് കഴിയുന്നതോടെ കരാറോടു കൂടി അതല്ലെങ്കിൽ കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുകടക്കുമെന്നാണ് ബ്രിട്ടിഷ് പ്രധാന മന്ത്രി ജേൺസൺ പറയുന്നത്.