വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിൽ തുടരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്. ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വൈറ്റ് ഹൗസും ട്രംപിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണെന്നാണ് വ്യക്തമാക്കിയത്.
എന്നാൽ, ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ വന്നതോടെ ആശയകുഴപ്പം തുടരുകയാണ്. വാള്‍ട്ടര്‍ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്ററിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്.
ട്രംപിന് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന് പനി മാറിയെന്നും മൂക്കൊലിപ്പ്, കഫകെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് കുറവുണ്ടെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ സീന്‍ കോണ്‍ലി പറഞ്ഞു.
അദ്ദേഹത്തിന്റെ ഹൃദയത്തിന്റെയും വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് മെഡിക്കല്‍ ടീമിലെ മറ്റൊരു അംഗം സീന്‍ ഡൂലി പറഞ്ഞു. കോവിഡിന് ഫലപ്രദമെന്ന് കരുതുന്ന റംഡിസിവിയര്‍ എന്ന മരുന്നാണ് ട്രംപിന് നല്‍കുന്നത്.