അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് റോയൽ ചാലഞ്ചേഴ്സ് ബംഗ്ലൂര്. ജയത്തോടെ ആര്‍സിബി ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റിന് 154 റണ്‍സ് എടുത്തു. അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കേ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ബംഗളൂരു അനായാസം വിജയലക്ഷ്യം മറികടന്നു.
വിരാട് കോഹ്ലി (പുറത്താകാതെ 72), മലയാളി താരം ദേവദത്ത് പടിക്കല്‍ (63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് റോയല്‍ ചലഞ്ചേഴ്സിന് മിന്നും ജയം സമ്മാനിച്ചത്. മികച്ച ഫോം തുടരുന്ന ദേവദത്ത് ആറ് ഫോറും ഒരു സിക്സും ഉള്‍പ്പടെയാണ് ടൂര്‍ണമെന്റിലെ മൂന്നാം അര്‍ധ സെഞ്ചുറി കുറിച്ചത്. 53 പന്തുകള്‍ നേരിട്ട നായകന് കോഹ്ലി ഏഴ് ഫോറും രണ്ടു സിക്സും നേടി. 12 റണ്‍സുമായി നായകന് കൂട്ടായി എ.ബി.ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസെടുത്തത്. സീസണിലെ ആദ്യ മത്സരം കളിച്ച മഹിപാൽ ലോംറോറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ലോംറോർ 39 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 47 റൺസെടുത്ത് പുറത്തായി. ജോസ് ബട്ലർ (12 പന്തിൽ 22), രാഹുൽ തെവാത്തിയ (12 പന്തിൽ പുറത്താകാതെ 24), ജോഫ്ര ആർച്ചർ (10 പന്തിൽ പുറത്താകാതെ 16) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. റോയൽ ചാലഞ്ചേഴ്സിനായി യുസ്വേന്ദ്ര ചെഹൽ നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇസൂരു ഉഡാനയ്ക്ക് രണ്ടും നവ്ദീപ് സെയ്നിക്ക് ഒരു വിക്കറ്റും ലഭിച്ചു.
സഞ്ജുവിനെ സ്വന്തം ബൗളിംഗില്‍ യുസ്വേന്ദ്ര ചഹല്‍ പിടിച്ചു പുറത്തായ വിക്കറ്റില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടായിരുന്നു. ക്ലീന്‍ ക്യാച്ചായിരുന്നില്ല ചഹലിന്റേതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഫീല്‍ഡ് അംപയറുടെ സ്ഫോറ്റ് ഡിസിഷന്‍ മൂന്നാം അംപയര്‍ അംഗീകരിക്കുകയായിരുന്നു.
നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി സഞ്ജുവിന്റെ ഉള്‍പ്പടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചഹലാണ് മാന്‍ ഓഫ് ദ മാച്ച്.