ന്യൂഡെല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ ആണവ ശേഷിയുടെ പുതിയ പതിപ്പ് ശൗര്യ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് നിന്ന് ഇന്ന് (ഒക്ടോബര്‍ മൂന്ന്) രാവിലെയാണ് 800 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചത്.
ഇതേ വിഭാഗത്തിലുള്‍പ്പെട്ട മിസൈല്‍ വ്യൂഹത്തില്‍ ശൗര്യ മിസൈല്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു. നിലവിലുള്ള സമാനമായ മിസൈലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മിസൈല്‍ ഭാരം കുറഞ്ഞതും പ്രവര്‍ത്തിക്കാന്‍ എളുപ്പവുമാണ്. അവസാനഘട്ടത്തില്‍ ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍ മിസൈല്‍ ഹൈപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
തന്ത്രപ്രധാന മിസൈലുകളുടെ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വാശ്രയത്വം പൂര്‍ത്തീകരിക്കുന്നതിനായി രാജ്യത്തെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) പ്രവര്‍ത്തിക്കുകയാണ്. പ്രധാനമന്ത്രിയുടെ ആത്മീര്‍ഭര്‍ ഭാരത് പ്രഖ്യാപന ശേഷം ഡിആര്‍ഡിഒ അതിന്റെ ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ഈ വര്‍ഷം തുടക്കത്തില്‍ പ്രതിരോധ മേഖലയില്‍ 400 കിലോമീറ്റര്‍ ദൂരം ലക്ഷ്യം വയ്ക്കുന്ന ബ്രഹ്മോസ് സൂപ്പര്‍ സോണിക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.