ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് ഡിജിപി ഹിതേഷ് ചന്ദ്ര അവാസ്തിയും അഡീഷനല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവാസ്തിയും സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചു. സന്ദര്‍ശനത്തിന് ശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറും.
അതേസമയം, ഹത്രാസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഹത്രാസ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി. നേരത്തെ ഇരുവരെയും യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്.
ഡല്‍ഹി – നോയിഡ അതിര്‍ത്തിയിലാണ് ഇവരെ തടഞ്ഞത്. രാഹുലും പ്രിയങ്കയും 35 കോണ്‍ഗ്രസ് എംപിമാരും ചേര്‍ന്നാണ് യാത്ര പുറപ്പെട്ടത്. ഇത് രണ്ടാം തവണയാണ് രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടയുന്നത്.