ധാക്ക: ബംഗ്ലാദേശിൽ ആയിരകണക്കിന് ഗാർമെൻ്റ് ഫാക്ടറി തൊഴിലാളികൾ തൊഴിൽരഹിതരായി. കോവിഡ് 19 വ്യാപനത്തിൽ ലോകമകപ്പെട്ടതോടെ വിദേശ ബ്രാൻ്റുകൾ തങ്ങളുടെ പർച്ചേയ്സ് ഓർഡറുകൾ റദ്ദ് ചെയ്തു. ഫാക്ടറികൾ ലോക്ക് ഡൗണിലുമായി. തൊഴിലാളികൾക്ക് ജോലിയില്ലാതായി. പട്ടിണിയിലുഴലുന്നവർ നിർഗ്ഗതിയില്ലാത്തവരാകുന്നു – അൽ ജസീറ റിപ്പോർട്ട്.
ഗാർമെൻ്റ് ഫാക്ടറികൾക്ക് താഴ് വീണതോടെ തൊഴിലില്ലാതായത് 70000 ത്തോളം തൊഴിലാളികൾക്ക്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലും പരിസര പ്രദേശങ്ങളിലുമാണ് ഗാർമെൻ്റ് ഫാക്ടറികളേറെയും.
കോവിഡ് 19 മഹാമാരിയിൽ രാജ്യം നിശ്ചലമാക്കപ്പെട്ടതോടെ ഗാർമെൻ്റ് ഫാക്ടറി തൊഴിലാളികളുടെ ജീവിതം അനിശ്ചിതത്തിലേക്ക് കൂപ്പുകുത്തി. തൊഴിലില്ലാതെ, കൂലിയില്ലാതെ ധാക്ക നഗരത്തിൽ പാർക്കുക അസാധ്യം. തൊഴിലാളികൾക്ക് മുന്നിൽ അവശേഷിക്കുന്നത് പിറന്ന ഗ്രാമങ്ങളിലേക്കുള്ള മടക്കയാത്ര. ഗ്രാമത്തിലെത്തിയാൽ ജീവിതത്തിൻ്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുകയെന്നത് ഒട്ടുമേ എളുപ്പമാകില്ലെന്ന് സന്നദ്ധ സംഘടനകളുടെ പഠനങ്ങൾ വ്യക്തമാക്കുന്നു.
രാജ്യത്തിൻ്റെ ഏറ്റവും പ്രാനപ്പെട്ട തൊഴിൽ മേഖലയാണ് ഗാർമെൻ്റ് വ്യവസായം. 2019 മെയിലെ കണക്കുപ്രകാരം 4. 56 ലക്ഷം ഫാക്ടറികൾ. 3.6 ദശലക്ഷം തൊഴിലാളികൾ ഈ മേഖയിൽ തൊഴിലെടുക്കുന്നു. 80 ശതമാനവും കയറ്റുമതി യൂണിറ്റുകൾ. കയറ്റുമതിയിലൂടെ ഗണ്യമായ വിദേശനാണ്യം ഒഴുകിയെത്തുന്നു.
2017 ൽ ബംഗ്ലാദേശ് 27 ബില്യൺ ഡോളർ കയറ്റുമതി ചെയ്തു (2018 ൽ 32.92 ബില്യൺ ഡോളർ) ബംഗ്ലാദേശിന് ആഗോള വസ്ത്ര വിപണിയിൽ ആറ് ശതമാനം പങ്ക്. ബംഗ്ലാദേശിൻ്റെ കയറ്റുമതിയുടെ 80 ശതമാനവും ഗാർമെൻ്റ് വ്യവസായ മേഖലയിൽ നിന്നാണ്.
2019 ജനുവരിയിലെ കണക്കു പ്രകാരം ഗാർമെൻ്റ് തൊഴിലാളിയുടെ മിനിമം കൂലി 8000 ടാക്ക ( ബംഗ്ലാ കറൻസി ). പക്ഷേ താഴ്ന്ന നിലയിലുള്ള ജീവിതത്തിനുപോലും പ്രതിമാസം 16000 ടാക്കയെങ്കിലും വേണമെന്നാണ് സന്നദ്ധസംഘടനകളുടെ പഠനങ്ങൾ പറയുന്നത്.
വരുമാനവും ജീവിത ചെലവും തമ്മിലുള്ള ഈ അന്തരം ചെറുതായെങ്കിലും മറികടക്കാൻ അധിക ജോലി – ഓവർടൈം – യിൽ നിരന്തരം വ്യാപൃതരാകുവാൻ നിർബ്ബന്ധിക്കപ്പെടുന്നവസ്ഥ. ജീവിക്കാൻ വേണ്ടി തൊഴിലിടങ്ങളിൽ ജീവിതം തളക്കപ്പെട്ടവർ. ഇതിനിടെയാണ് ഉപജീവന മാർഗത്തെ പാടെ അട്ടിമറിച്ച് കോ വിഡ് 19 വ്യാപന പ്രതിരോധ മാർഗമെന്ന രീതിയിൽ പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ലോക്ക് ഡൗൺ.
എച്ച് ആൻ്റ് എം, വാൾമാർട്ട് ,ജെ സി ഫെനി, ബിനാടോൺ, സാറാ, പ്രൈമാർക്ക് തുടങ്ങിയ ആഗോള ബ്രാൻ്റുകളാണ് ബംഗ്ലാദേശ് ഗാർമെൻ്റ് വ്യവസായത്തിലെ പ്രധാപങ്കാളികൾ. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും രണ്ടാമന്നെ വസ്ത്ര കയറ്റുമതി രാഷ്ട്രമാണ് ബംഗ്ലാദേശ് . ആറു ബില്യൺ യുഎസ് ഡോളർ കയറ്റുമതി വരുമാനം ഈ സാമ്പത്തിക വർഷത്തിൽ ബംഗ്ലാദേശിന് നഷ്ടം.
3.5 ബില്യൺ ഡോളർ വിലവരുന്ന വസ്ത്ര ഓർഡറുകൾ റദ്ദാക്കുകയോ താൽക്കാലികമായി വേണ്ടെന്നു വയ്ക്കുകയോ ചെയ്തു. കയറ്റുമതി ഏപ്രിലിൽ 84 ശതമാനം കുറഞ്ഞു. തുടർന്ന് 70000 തൊഴിലാളികളെ പിരിച്ചുവിട്ടതായി കണക്കാക്കപ്പെടുന്നതായി ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (ബിജിഎംഇഎ) പറഞ്ഞു.
കഴിഞ്ഞ മൂന്ന് – നാല് മാസമായി വരുമാനം നിലച്ചു. ആയിരക്കണക്കിന് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഗുരുതര പ്രതിസന്ധിയിലാക്കിയതായി ബംഗ്ലാദേശ് സെൻ്റർ ഫോർ സൊളിഡാരിറ്റി മേധാവി കൽ പോന അക്ടർ പറഞ്ഞു.
തൊഴിലാളികൾൾക്ക് സാമൂഹിക സുരക്ഷയില്ല. തൊഴിൽ നഷ്ടപ്പെട്ടവർക്ക് അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ നിർബ്ബന്ധിക്കപ്പെട്ടു. ഇപ്പോൾ പ്രാദേശിക ചാരിറ്റികളിൽ നിന്നുള്ള ഭക്ഷണ വിതരണത്തെയാണവർ ആശ്രയിക്കുന്നത്- അക്ടർ പറയുന്നു.
തൊഴിലാളികളുടെ സംരക്ഷണം ചാരിറ്റികൊണ്ടു മാത്രം മതിയാകില്ല. ഫാക്ടറി ഉടമകളുമായും ബ്രാൻ്റുകളുമായും ചേർന്ന് ഈ മേഖലയ്ക്ക് ക്ഷേമ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ സർക്കാരിൻ്റെ അടിയന്തര ഇടപ്പെടൽ അനിവാര്യമാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ചൂണ്ടി കാണിക്കുന്നു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ട വസ്ത്ര തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള യൂറോപ്യൻ യൂണിയൻ ധനസഹായ പദ്ധതി ചർച്ചചെയ്യപ്പെടുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചതായ് റോയിട്ട്ഴേസ് റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് മഹാമാരിയിൽ ഈ വ്യവസായ മേഖല ആടിയുലഞ്ഞപ്പോൾ അത് വളർച്ചയുടെ സൂചനകൾ നൽകി കൊണ്ടിരുന്ന രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയിലും ഗുരുതരമായി ബാധിച്ചു. പതിനായിരങ്ങളുടെ ഉപജീവന മാർഗത്തെയും അവതാളത്തലാക്കി. ഈയൊരവസ്ഥ മറികടക്കുക ബംഗ്ലാദേശിന് എളുപ്പമാകില്ല.