ലക്നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെ മൃതദേഹം ബലമായി കൊണ്ടുപോയി സംസ്‌ക്കരിച്ച യുപി പൊലീസിന്റെ നടപടിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.
അതേസമയം, ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗാസിയബാദിലെ ഒരു കൂട്ടം അഭിഭാഷകര്‍. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന്
അഭിഭാഷകരുടെ മാര്‍ച്ചിന് നേതൃത്വം നല്‍കിയ നഹര്‍ സിംഗ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ച സംഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് അഭിഭാഷകര്‍ പറഞ്ഞു.